wuhan

ന്താണ് സംഭവിക്കുന്നതെന്നോ എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്നോ ആര്‍ക്കും ഒരു ധാരണയുമുണ്ടായിരുന്നില്ല. കാരണം അത്തരത്തിലൊരു അനുഭവം അതിന് മുമ്പ് ലോകത്തിന് ഉണ്ടായിരുന്നില്ല. അങ്ങ് ദൂരെ ചൈനയിലെ വുഹാനില്‍ ഏതോ അജ്ഞാത രോഗമുണ്ടായിരിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ ആരും അത് കടല്‍ കടന്ന് സ്വന്തം വീട്ട് മുറ്റത്ത് വരെ എത്തുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. പറഞ്ഞ് വരുന്നത് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തെ തന്നെ വിറപ്പിച്ച കൊവിഡ് 19 വൈറസ് വ്യാപനത്തെക്കുറിച്ചാണ്.

അന്ന് വരെ മനുഷ്യരാശി നേരിട്ടില്ലാത്ത ഒരു വലിയ മഹാമാരിക്ക് മുന്നില്‍ വന്‍കിട രാജ്യങ്ങള്‍ വരെ പകച്ചുനിന്നു. രണ്ട് വര്‍ഷത്തോളം ലോകത്തിന്റെയാകെ പതിവുകളെ മാറ്റിമറിച്ച കൊവിഡ് വ്യാപനത്തിനും ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 2019 ഡിസംബറിലാണ് ചൈനയിലെ വലിയ പട്ടണങ്ങളില്‍ ഒന്നായ വുഹാനില്‍ കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും ഇതേക്കുറിച്ച് രാജ്യത്തെ ഭരണകൂടത്തിന് നേരത്തെ തന്നെ അറിവുണ്ടായിരുന്നുവെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ചൈനയിലെ അറവ്ശാലയില്‍ നിന്നാണ് വൈറസ് വ്യാപനമുണ്ടായതെന്നും ലബോറട്ടറിയിലെ വീഴ്ചയാണെന്നും മനുഷ്യ നിര്‍മിതമായ വൈറസ് എന്നും വരെ അന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചൈനീസ് വൈറസ് എന്ന് വിളിച്ച് പാശ്ചാത്യര്‍ പരിഹസിച്ചപ്പോള്‍ അതിനെതിരെ ശക്തമായി തന്നെ ചൈന രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം തടയാന്‍ കഴിയാത്ത സ്ഥിതിയുണ്ടായത് യഥാര്‍ത്ഥത്തില്‍ ചൈന സത്യം മറച്ചുവച്ചതിനാലാണെന്നാണ് പിന്നീട് സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളുടെ ഉള്‍പ്പെടെ തെളിവോടെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ആരോപിച്ചത്.

2019 ഓഗസ്റ്റ് മാസത്തില്‍ തന്നെ അജ്ഞാതമായ ഒരു വൈറസ് വ്യാപനത്തെക്കുറിച്ച് ചൈനയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് ഉയര്‍ന്നുവന്ന ആരോപണം. ഇത് ചൈന അന്ന് തന്നെ തള്ളിയിരുന്നു. പല രാജ്യങ്ങളിലും കൊവിഡ് വ്യാപനം അതിതീവ്രമായപ്പോഴാണ് ഓഗസ്റ്റിലെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്. വുഹാനിലെ ഒട്ടുമിക്ക ആശുപത്രികളിലേക്കും സമാനമായ രോഗലക്ഷണങ്ങളുമായി നിരവധിപേര്‍ എത്തിയിരുന്നു. ഇക്കാര്യം ചൈന മറച്ചുവെച്ചു.

വുഹാനിലെ ഒട്ടുമിക്ക ആശുപത്രി കെട്ടിടങ്ങള്‍ക്ക് മുന്നിലും രോഗികളുമായി എത്തിയ കാറുകളുടേയും ആംബുലന്‍സുകളുടേയും നീണ്ട നിരയുണ്ടായിരുന്നുവെന്നാണ് സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന മാരക വൈറസാണ് കൊവിഡ് എന്ന് അന്ന് ചൈന ലോകരാജ്യങ്ങളെ അറിയിച്ചിരുന്നുവെങ്കില്‍ ഇത്രയും ദുരിതം ലോകത്തിന് ഉണ്ടാകില്ലായിരുന്നുവെന്നാണ് ഇന്നും ഉയരുന്ന വാദം പക്ഷേ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പാശ്ചാത്യരുടെ നിര്‍മിതിയാണെന്നാണ് ചൈന അന്ന് ആരോപിച്ചത്.