
കണ്ണൂർ : മുടങ്ങിപ്പോയെന്ന് കരുതിയ സ്വപ്നമായ ദേശീയപാത വികസനം 2025 ഡിസംബറോടെ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പയ്യന്നൂർ , രാമന്തളി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി നിർമ്മിച്ച ചൂളക്കടവ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി ഫണ്ടിൽ നിന്ന് 27.94 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്.
കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ ആറുവരി ദേശീയ പാത പ്രവൃത്തി പൂർത്തിയായ ഇടങ്ങളിലൊക്കെ തുറന്നുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. കാസർകോട് മുതൽ മലപ്പുറം വരെ ഏറക്കുറെ നേരത്തെ തന്നെ പൂർത്തീകരിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി, ബാക്കിയുള്ള സ്ഥലങ്ങളിലാണ് കൂടുതൽ സമയം വേണ്ടിവരിക, സർക്കാർ നടത്തിയ തുടർച്ചയായ ഇടപെടലിലൂടെയാണ് ദേശീയപാത വികസനം യാഥാർത്ഥ്യമാകുന്നതെന്ന് മന്ത്രി പറഞ്ഞു. ചൂളക്കടവ് പാലം ഒരുനാടിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണെന്നും പാലം സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. രണ്ട് വർഷമാണ് പ്രവൃത്തി പൂർത്തീകരണത്തിന് അനുവദിച്ചിരിക്കുന്നത്.
പയ്യന്നൂർ നിയോജകമണ്ഡലത്തിൽ രാമന്തളി പഞ്ചായത്തിനെയും, പയ്യന്നൂർ നഗരസഭയെയും ബന്ധിപ്പിക്കുന്ന ചൂളക്കടവ് പാലം, പയ്യന്നൂർ പുഴയ്ക്ക് കുറുകെയാണ്നിർമ്മിക്കുന്നത്. പാലം പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നും ആരംഭിച്ച് രാമന്തളി പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നു. നിലവിൽ രാമന്തളിയിൽ നിന്നും അഞ്ച് കിലോമീറ്റർ അധികദൂരം സഞ്ചരിച്ചുകൊണ്ടാണ് പയ്യന്നൂരിൽ എത്തിച്ചേരുന്നത്. ചൂളക്കടവ് യാഥാർത്ഥ്യമാകുന്നതോടെ 1.4 കിലോമീറ്റർ ദൂരംകൊണ്ട് പയ്യന്നൂരിൽ നിന്നും രാമന്തളിയിലേക്ക് എത്താം.