
ഡമാസ്‌കസ്: ഇസ്രയേലുമായി സംഘർഷത്തിലേർപ്പെടാൻ താത്പര്യമില്ലെന്ന് സിറിയയിലെ വിമത തലവൻ അബു മുഹമ്മദ് അൽ ഗൊലാനി. പ്രസിഡന്റ് ബാഷർ അൽ-അസദിന്റെ പതനത്തിന് പിന്നാലെ സിറിയൻ സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നതിനിടെയാണ് ഗൊലാനിയുടെ പ്രതികരണം.
സിറിയയുമായുണ്ടാക്കിയ എല്ലാ കരാറുകളും ഇസ്രയേൽ ലംഘിച്ചു. ഇസ്രയേൽ അതിർവരമ്പുകൾ മറികടക്കുന്നത് മേഖലയിൽ അനാവശ്യമായ സംഘർഷത്തിന്റെ ഭീഷണി ഉയർത്തുന്നു.
ഇപ്പോഴത്തെ ആക്രമണങ്ങളെ ന്യായീകരിക്കാൻ ഇസ്രയേൽ തെറ്റായ വാദങ്ങൾ ഉന്നയിക്കുന്നു. എന്നാൽ വർഷങ്ങളായുള്ള യുദ്ധത്തിൽ തളർന്ന സിറിയയുടെ പുനർനിർമ്മാണത്തിനും സ്ഥിരതയ്ക്കുമാണ് ഇപ്പോൾ തങ്ങളുടെ ശ്രദ്ധ. കൂടുതൽ നാശത്തിലേക്ക് നയിച്ചേക്കാവുന്ന സംഘർഷങ്ങളുടെ ഭാഗമാകാനില്ലെന്നും ഗൊലാനി കൂട്ടിച്ചേർത്തു.
അതേ സമയം, സിറിയയിൽ നടക്കുന്ന കാര്യങ്ങളിൽ തങ്ങൾ ഇടപെടുന്നില്ലെന്നും തങ്ങളുടെ പൗരന്മാർക്ക് ഭീഷണിയാവുന്ന ആയുധങ്ങൾ നശിപ്പിക്കുകയാണ് ചെയ്തതെന്നും ഇസ്രയേൽ പ്രതികരിച്ചു. സൈന്യത്തിന്റെ തകർച്ച മുതലെടുത്ത് ഐസിസ് ഉൾപ്പെടെ ഭീകര ഗ്രൂപ്പുകൾ രാസായുധങ്ങളും മിസൈലുകളും കൈയടക്കുന്നത് തടയാനാണ് ആക്രമണമെന്നാണ് ഇസ്രയേൽ പറയുന്നത്.
ഈ മാസം 8നാണ് ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിനെ അട്ടിമറിച്ച് ഗൊലാനിയുടെ തഹ്‌രിർ അൽ-ഷാമിന്റെ (എച്ച്.ടി.എസ്) നേതൃത്വത്തിലെ വിമതസേന ഭരണം പിടിച്ചത്. അസദിന്റെ ബാത്ത് പാർട്ടിയുടെ 53 വർഷം നീണ്ട ഏകാധിപത്യ ഭരണത്തിനും അന്ത്യമായി. അസദും കുടുംബവും റഷ്യയിൽ അഭയം തേടി.
വിമത നേതാവ് മുഹമ്മദ് അൽ ബാഷിർ പ്രധാനമന്ത്രിയായുള്ള താത്കാലിക സർക്കാരിനാണ് നിലവിൽ സിറിയയുടെ ചുമതല. ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്ന സിറിയയിൽ സ്കൂളുകളും മറ്റും ഇന്നലെ വീണ്ടും തുറന്നു.