health

വിവാഹ മോചനങ്ങളെ ഒരു വ്യക്തിയുടെ പരാജയമായിട്ടാണ് മുമ്പൊക്കെ കണ്ടിരുന്നതെങ്കില്‍ ഇന്ന് അതല്ല സ്ഥിതി. ഒരുമിച്ച് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ ആരോഗ്യകരമായി തന്നെ ബന്ധം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന കാഴ്ചപ്പാടിലേക്ക് സമൂഹം മാറിത്തുടങ്ങിയിട്ടുണ്ട്. യുവാക്കളില്‍ ഇത് ഇന്ന് സ്വാഭാവികമായ ഒരു കാര്യമായി മാറിയിട്ട് കാലങ്ങളായി. ഇപ്പോഴിതാ നമ്മുടെ നാട്ടില്‍ േ്രഗ ഡൈവോഴ്‌സുകളും വര്‍ദ്ധിക്കുകയാണെന്നാണ് കണക്കുകള്‍ പറയുന്നത്.

എന്താണ് ഗ്രേ ഡൈവോഴ്‌സ്: വിവാഹം കഴിച്ച് അധികം കാലം കഴിയുന്നതിന് മുമ്പ് വിവാഹബന്ധം വേര്‍പ്പെടുത്തുന്നതാണ് കൂടുതലായും സംഭവിക്കുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുകയോ അല്ലെങ്കില്‍ വിവാഹം കഴിഞ്ഞ് 15 വര്‍ഷമെങ്കിലും ഒരുമിച്ച് ജീവിച്ചതിന് ശേഷം വേര്‍പിരിയുന്നതോ ആണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇതിന് പല കാരണങ്ങളുണ്ട്. പങ്കാളിയില്‍ നിന്ന് ലഭിക്കേണ്ട പരിഗണനയും സ്‌നേഹവും മാനസികവും ശാരീരികവുമായ അടുപ്പം ഇല്ലാതാകുന്നതാണ് പ്രധാന കാരണം.

സ്വന്തം ഭാര്യയില്‍ നിന്നോ ഭര്‍ത്താവില്‍ നിന്നോ ആഗ്രഹിക്കുന്ന പരിഗണന കിട്ടാതെ വരുമ്പോള്‍ മറ്റൊരു പങ്കാളിയെ തേടുന്നത് നമ്മുടെ സമൂഹത്തിലും വര്‍ദ്ധിച്ചുവരികയാണ്. 40 പിന്നിടുമ്പോള്‍ പുരുഷനും സ്ത്രീയും മറ്റൊരു പങ്കാളിയെ തേടുന്നതിന് പിന്നിലെ കാരണവും സ്വന്തം വീട്ടില്‍ കിട്ടാത്ത പരിഗണന തന്നെയാണ്. പങ്കാളിയുമായുള്ള അകല്‍ച്ച നിസഹായതയിലേക്കും വേദനയിലേക്കുമാണ് സാധാരണയായി ഒരു വ്യക്തിയെ തള്ളിവിടാറുള്ളത്. ഇത് അയാളുടെ വ്യക്തിപരമായ ജീവിതത്തേയും സാമൂഹിക ജീവിതത്തേയും വരെ മോശമായി ബാധിക്കാം.

40 പിന്നിട്ട സ്ത്രീകളെ സംബന്ധിച്ച് അവരിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം അരക്ഷിത അവസ്ഥയെന്ന ചിന്താഗതി വര്‍ദ്ധിപ്പിക്കും. ഈ കാരണംകൊണ്ട് തന്നെ ഈ പ്രായത്തിലാണ് വൈകാരികസാന്ത്വനം കൂടുതല്‍ ആഗ്രഹിക്കുന്നതും. അതുകൊണ്ട് തന്നെ ഈ സമയത്തെ അവഗണനയും അടുപ്പമില്ലായ്മയും സ്ത്രീകള്‍ അംഗീകരിക്കില്ല. അത്തരം സാഹചര്യങ്ങളിലാണ് മറ്റൊരു പങ്കാളിയെ തേടാനുള്ള സാദ്ധ്യതയും വര്‍ദ്ധിക്കും.

പുരുഷന്‍മാരിലും സമാനമായി തന്നെയാണ് കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബന്ധങ്ങളില്‍ വ്യത്യസ്തതപുലര്‍ത്താന്‍ കഴിയാതെ വരികയും സംരക്ഷണവും പരിചരണവും സ്‌നേഹവും നല്‍കാന്‍ ദമ്പതിമാര്‍ക്ക് കഴിയാതെ വരുമ്പോള്‍ ആണ് ഗ്രേ ഡൈവോഴ്‌സിലേക്ക് കാര്യങ്ങള്‍ എത്തുക. േ്രഗ ഡൈവോഴ്‌സിലേക്ക് നയിക്കുന്നതും പലപ്പോഴും ഇത്തരത്തില്‍ പരസ്പരം പരിഗണനയും കരുതലും പ്രായം കൂടിയെന്ന ധാരണയില്‍ ഇല്ലാതെ വരുമ്പോഴാണ്.