lifestyle

നല്ലൊരു ചായ, അതില്ലാതെ ഒരു ദിവസം ആരംഭിക്കുന്നതിനേക്കുറിച്ച് പോലും പലര്‍ക്കും ചിന്തിക്കാന്‍ കഴിയില്ല. ചായ കിട്ടിയില്ലെങ്കിലോ അല്ലെങ്കില്‍ ചായ മോശമായാലോ അന്നത്തെ ദിവസം തന്നെ പോയി എന്ന് വിശ്വസിക്കുന്നവരും നിരവധിയാണ്. ചായ ഒരു വികാരമാണ് പലര്‍ക്കും, ഒരു ദിവസം ഒന്നിലധികം ചായ കുടിക്കുന്നവരും കുറവല്ല. ചായ ഉണ്ടാക്കാന്‍ അറിയാത്തവര്‍ വളരെ ചുരുക്കമാണ്. എന്നാല്‍ നമ്മള്‍ വീട്ടിലും ഹോട്ടലുകളിലും ചായ ഉണ്ടാക്കുന്നത് ശരിയായ രീതിയിലാണോ?

ഒരു ചായ ഉണ്ടാക്കുമ്പോള്‍ അതിന് ചില രീതികളും ക്രമവുമൊക്കെയുണ്ടെന്നാണ് പറയപ്പെടുന്നത്. അത് എങ്ങനെയാണെന്ന് നോക്കാം. രുചിയും മണവും ഒപ്പം ഗുണവും കൂട്ടിയുള്ള ചായ തയ്യാറാക്കുന്ന വിധമാണ് താഴെ പറയുന്നത്. വെള്ളം നന്നായി തിളപ്പിക്കുകയാണ് ആദ്യം വേണ്ടത്. ഇതിന് ശേഷം ആവശ്യത്തിന് തേയില ചേര്‍ത്ത് തീ അണയ്ക്കുകയും അഞ്ച് മിനിറ്റത്തേക്ക് മാറ്റി വയ്ക്കുകയും വേണം. ഇങ്ങനെ തീ അണച്ച ശേഷം വയ്ക്കുന്നതിലൂടെ കടുപ്പം അല്‍പ്പാല്‍പ്പമായി അരിച്ചിറങ്ങും.

മാറ്റി വെച്ചിരിക്കുന്ന ഈ മിശ്രിതത്തിലേക്കാണ് പാല്‍ ഉള്‍പ്പെടെയുള്ള മറ്റ് വസ്തുക്കള്‍ ചേര്‍ക്കേണ്ടത്. തുറന്ന് വെച്ചിരിക്കുന്ന വെള്ളത്തിലേക്കോ അല്ലെങ്കില്‍ അടുപ്പില്‍ തീ ഉള്ളപ്പോഴോ തേയില ചേര്‍ത്താല്‍ അതില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ്, ഗ്ലൂക്കോസൈഡ്‌സ് എന്നിവയെല്ലാം ബാഷ്പീകരിച്ച് പോകുകയാണ് ചെയ്യുക. അപ്പോള്‍ തേയിലയുടെ ഗുണവും മണവും നഷ്ടപ്പെട്ട് വെറും കളര്‍ ചേര്‍ത്ത വെള്ളം മാത്രമാണ് ലഭിക്കുക.

പാലിലോ അല്ലെങ്കില്‍ വെള്ളത്തിന് ഒപ്പമോ മധുരം ചേര്‍ത്ത് തിളപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ പഞ്ചസാരയുടെ കെമിക്കല്‍ സ്വഭാവം ചായയുടെ മധുരത്തേയും ഗുണത്തേയും ബാധിക്കും. ഒരു ചെറിയ പാത്രത്തില്‍ പഞ്ചസാര എടുത്ത ശേഷം തിളപ്പിച്ച തേയിലയാണ് ആദ്യം ചേര്‍ക്കേണ്ടത്. ഇതിന് ശേഷം വേണം പാല്‍ ചേര്‍ക്കാന്‍. പാല്‍പ്പാട വരാതിരിക്കാന്‍ ശ്രദ്ധിക്കണം, അല്ലെങ്കില്‍ ചായക്ക് വെണ്ണയുടെ സ്വാദ് തോന്നും. ഇതിന് ശേഷം നന്നായി അടിച്ചെടുത്ത് ഗ്ലാസിലേക്ക് മാറ്റുക. ഇതില്‍ ഒരു സ്പൂണില്‍ അല്‍പ്പം പാലും അല്‍പ്പം തേയില വെള്ളവും ചേര്‍ത്താല്‍ ഉഗ്രന്‍ ചായ തയ്യാര്‍.