money

കോട്ടയം: ഇരുനൂറ് രൂപ കടന്ന് മുന്നേറുമെന്ന് പ്രതീക്ഷിച്ച റബര്‍ വില ടയര്‍ ലോബിയുടെ ഇടപെടലില്‍ കുത്തനെ കുറഞ്ഞു. വില 200 രൂപയിലെത്തിക്കാനുള്ള റബര്‍ ഉത്പാദക സംഘങ്ങളുടെ സംഘടിത ശ്രമം ചരക്ക് വാങ്ങാതെ വിട്ടുനിന്ന് വന്‍കിട വൃവസായികള്‍ പൊളിച്ചു.

ചൈന. ടോക്കിയോ .സിങ്കപ്പൂര്‍ വില 207 നിന്ന് 218 രൂപലേക്ക് കുതിച്ചു. ബാങ്കോക്കില്‍ ഷീറ്റ് വില 205ല്‍ നിന്ന് 210 രൂപയിലേക്ക് ഉയര്‍ന്നു. എന്നാല്‍ ഇന്ത്യയില്‍ റബര്‍ ബോര്‍ഡ് വില 199ല്‍ നിന്ന് 191 രൂപയിലേക്കും വ്യാപാരി വില 191ല്‍ നിന്ന് 183 രൂപയിലേക്കും നിലം പൊത്തി. മഴയില്‍ ഉത്പാദനം കുറഞ്ഞതും കര്‍ഷകര്‍ വില്‍പ്പന മാറ്റിവെക്കുന്നതും വില വര്‍ദ്ധനയ്ക്ക് കാരണമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.


ഉത്പാദന ഇടിവില്‍ കുതിച്ച് കുരുമുളക്

ഉത്പാദനത്തിലെ ഇടിവ് കുരുമുളകിന് ഗുണമായി. ഇടുക്കി ഹൈറേഞ്ച്, വയനാട് എന്നിവിടങ്ങളില്‍ നിന്ന് കുറഞ്ഞ അളവിലാണ് കുരുമുളക് വിപണിയിലെത്തിയത്. രണ്ടാഴ്ചക്കുള്ളില്‍ കിലോയ്ക്ക് 21 രൂപയുടെ വര്‍ദ്ധനയുണ്ടായി. ശ്രീലങ്കയില്‍ നിന്നെത്തിയ വീര്യം കുറഞ്ഞ കുരുമുളകില്‍ നാടന്‍ കലര്‍ത്തി മസാല കമ്പനികള്‍ക്ക് ഇറക്കുമതിക്കാര്‍ വിറ്റെങ്കിലും അവര്‍ ചരക്ക് മടക്കി. ഇതോടെയാണ് ഹൈറേഞ്ച് കുരുമുളകിന് പ്രിയമേറിയത്. ഫെബ്രുവരിയില്‍ വിളവെടുപ്പ് തുടങ്ങുമെങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തിലെ കുരുമുളക് ഉത്പാദനത്തില്‍ 25 ശതമാനത്തിന്റെ കുറഞ്ഞേക്കും. അതിനാല്‍ വില ഇനിയും കൂടാനിടയുണ്ട്. ഇന്ത്യന്‍ കുരുമുളകിന് കയറ്റുമതി വില 7950 ഡോളറായി ഉയര്‍ന്നു. ശ്രീലങ്ക 7200, വിയറ്റ്‌നാം 6950, ബ്രസീല്‍ 7000, ഇന്തോനേഷ്യ 7500 ഡോളര്‍ എന്നിങ്ങനെ വില ഉയര്‍ന്നിട്ടുണ്ട്.