zxmas

കോട്ടയം : ക്രിസ്‌മസ് സീസൺ മുന്നിൽക്കണ്ട കർഷകരുടെ നെഞ്ചിലേയ്ക്കാണ് ആഫ്രിക്കൻ പന്നിപ്പനി തീകോരിയിട്ടത്. കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ നീറുകയാണ് കർഷകർ. വരട്ടിയെടുത്ത പന്നിയിറച്ചിയാണ് കോട്ടയത്തിന്റെ ക്രിസ്‌മസ് സ്‌പെഷ്യലുകളിൽ പ്രധാനം. നല്ല വില പറഞ്ഞുറപ്പിച്ചിരുന്ന പന്നികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പുറമെ നിയന്ത്രണ മേഖലകളിലെ മുഴുവൻ പന്നികളെയും കൊല്ലുകയും ചെയ്തു. നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ച മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാർ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂർ, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് പഞ്ചായത്തുകൾ ഇറച്ചിക്ക് ഏറെ ഡിമാൻഡുള്ളയിടങ്ങളാണ്.

കുതിച്ചുയരും വില, ഗുണനിലവാരവുമില്ല

പന്നിയിറച്ചിയുടെ വില 380 ൽ നിന്ന് 400 രൂപയായി ഉയർന്നിരുന്നു. ക്രിസ്മസ് സീസണിൽ ഈ വിലയ്ക്കും കിട്ടില്ല. 500 ലേക്ക് എത്തുമെന്നാണ് പറച്ചിൽ. ഗുണനിലവാരമില്ലാത്ത ഇറച്ചി വ്യാപകമായി ജില്ലയിൽ വിറ്റഴിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ചേരിയിൽ നിന്നുള്ള പന്നികളാണ് വിപണിയിലെത്തിക്കുന്നത്. ഇത് ആരോഗ്യപ്രശ്നങ്ങൾക്കുമിടയാക്കുമെന്നാണ് ആശങ്ക. ക്രിസ്മസ് വിപണിയിലെ ആവശ്യക്ത പ്രതീക്ഷിച്ച് പന്നി വളർത്തൽ ഉപേക്ഷിച്ചവർ പോലും വീണ്ടും ആരംഭിച്ചിരുന്നു. ഇവർക്കും ഇപ്പോൾ തിരിച്ചടിയായി.

ഈ വർഷം പന്നിപ്പനി സ്ഥിരീകരിച്ചത് : 4 പഞ്ചായത്തുകളിൽ

എന്തുകൊണ്ട് സീസണിൽ രോഗം?​

ക്രിസ്മസ് സീസണിൽ രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമല്ല. മുൻവർഷങ്ങളിലും സമാന അനുഭവമുണ്ടായിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് ഉൾപ്പെടെ മോശം പന്നികളെ എത്തിക്കുന്ന ലോബികളുടെ ഇടപെടൽ ഇതിന് പിന്നിലുണ്ടോയെന്ന സംശയമാണ് കർഷകർ പങ്കുവയ്ക്കുന്നത്.