pic

ലണ്ടൻ : ക്രിസ്മസ് കാലത്ത് പുൽക്കൂടിലും ട്രീകളിലും മറ്റും അലങ്കരിക്കുന്ന വിവിധ നിറത്തിലെ വൈദ്യുതി ബൾബുകൾ കാണാൻ എന്ത് ഭംഗിയാണ്. കുഞ്ഞ് എൽ.ഇ.ഡി ലൈറ്റുകളില്ലാതെ ക്രിസ്മസ് അലങ്കാരങ്ങൾ പൂർണമാകില്ലെന്ന് തന്നെ പറയാം. ക്രിസ്മസ് കാലമെത്തുമ്പോഴാണ് അലങ്കാര ജോലികൾക്കുള്ള മുന്നൊരുക്കങ്ങൾ നാം തുടങ്ങുക.

എന്നാൽ, സ്കോട്ട്‌ലൻഡിലെ വെസ്റ്റ് ലോതിയൻ സ്വദേശിയായ ഗാരിയും ഭാര്യ അന്നയും വർഷത്തിന്റെ തുടക്കത്തിൽ തന്നെ ക്രിസ്മസിനുള്ള ഒരുക്കങ്ങൾ തുടങ്ങും. കഴിഞ്ഞ നാല് വർഷമായി ക്രിസ്മസ് സീസണിൽ ഇരുവരും ചേർന്ന് തങ്ങളുടെ വീടിനെ ഒരു ഹൈ ടെക് ക്രിസ്മസ് ലൈറ്റ് ഷോയാക്കി മാറ്റുന്നു.

ഇതിനായി 24,000 ലൈറ്റുകളും ഭീമൻ എൽ.ഇ.ഡി ക്രിസ്മസ് ട്രീ, കാൻഡി കെയ്നുകൾ, മാലാഖമാരുടെ രൂപങ്ങൾ തുടങ്ങി 150 അലങ്കാര വസ്തുക്കളുമാണ് ഇവർ ഉപയോഗിക്കുന്നത്. പാട്ടിന്റെ അകമ്പടിയോടെ രാത്രിയിൽ വീട്ടിൽ 30 മിനിറ്റാണ് ലൈറ്റ് ഷോ നടക്കുക. ഡിസംബറിൽ എല്ലാ വ്യാഴം മുതൽ ഞായർ വരെയും ക്രിസ്മസിന് തലേദിവസവും ഷോ ഉണ്ടായിരിക്കും.

10 മാസം നീണ്ട ആസൂത്രണവും ആറ് ആഴ്ചത്തെ നിർമ്മാണവുമാണ് ഷോയ്ക്ക് വേണ്ടുന്നത്. ഡിസംബർ മാസമെത്തിയാൽ നൂറുകണക്കിന് പേർ ഗാരിയുടെയും അന്നയുടെയും വീട്ടിൽ സന്ദർശകരായെത്തും. 'ആർമഡെയ്ൽ ഇലുമിനേഷൻസ്" എന്നാണ് ഈ ലൈറ്റ് ഷോയ്ക്ക് നൽകിയിട്ടുള്ള പേര്.

ഷോ കാണാനെത്തുന്നവരിൽ നിന്ന് സമാഹരിക്കുന്ന തുക ക്യാൻസർ ഗവേഷണം, ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ, പ്രാദേശിക ജീവകാരുണ്യ സംഘടനകൾ എന്നിവയ്ക്കാണ് നൽകിയിട്ടുള്ളത്. ഇത്തവണ അന്നയുടെ മുത്തശ്ശിയുടെ ഓർമ്മയ്ക്കായി സ്കോട്ട്‌ലൻഡിലെ അൽഷൈമേഴ്സ് രോഗികൾക്ക് വേണ്ടി തുക വിനിയോഗിക്കും.