
ബ്രസീലിയ: തലയിലെ ആന്തരിക രക്തസ്രാവത്തിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ (79) ആശുപത്രിവിട്ടു. ലൂല തന്നെ ചികിത്സിച്ച ഡോക്ടർമാർക്കൊപ്പം സാവോ പോളോയിലെ സിറിയോ-ലിബാനസ് ആശുപത്രിയിൽ ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.
എല്ലാവർക്കും നന്ദി അറിയിച്ച ലൂല, താൻ ആരോഗ്യവാനാണെന്നും വ്യക്തമാക്കി. അടുത്താഴ്ച മുതൽ ലൂലയ്ക്ക് പ്രസിഡൻഷ്യൽ ചുമതലയിൽ പൂർണമായും തിരിച്ചെത്താനാകുമെന്നാണ് കരുതുന്നത്. ലൂലയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ജെറാൽഡോ ആൽക്ക്മിൻ ആണ് പ്രസിഡന്റിന്റെ പല ജോലികളും ചെയ്യുന്നത്.
ഈ മാസം 9ന് ശക്തമായ തലവേദന അനുഭവപ്പെട്ട ലൂലയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ തലയിൽ രക്തസ്രാവം കണ്ടെത്തിയിരുന്നു. തുടർന്ന് മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പിന്നാലെ വ്യാഴാഴ്ച രക്തസ്രാവത്തിനുള്ള സാദ്ധ്യത കുറയ്ക്കാൻ വീണ്ടും ശസ്ത്രക്രിയ നടത്തി. ലൂലയ്ക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നും അദ്ദേഹം സംസാസിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു.
ഒക്ടോബർ 19ന് വസതിയിൽ വീണ് ലൂലയുടെ തലയ്ക്ക് പിന്നിൽ പൊട്ടൽ സംഭവിച്ചതാണ് രക്തസ്രാവത്തിലേക്ക് നയിച്ചത്. അഞ്ച് സ്റ്റിച്ചുകളാണ് അന്ന് ലൂലയ്ക്ക് തലയിൽ വേണ്ടിവന്നത്. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം റഷ്യയിലെ ബ്രിക്സ് ഉച്ചകോടിയിലേക്ക് അടക്കം നിശ്ചയിച്ചിരുന്ന യാത്രകൾ ലൂല റദ്ദാക്കിയിരുന്നു.