
ന്യൂയോർക്ക്: മധുര വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് പുത്തൻ ട്രെൻഡുകൾ പരിചയപ്പെടുത്തിയ വർഷമാണ് 2024. സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയ നിരവധി ഡിസേർട്ടുകളും പലഹാരങ്ങളുമുണ്ട്. അതിൽ ഒന്നാണ് ' കോട്ടൺ കാൻഡി കോഫി" (ക്ലൗഡ് കോഫി). കാണാനും കഴിക്കാനും ഒരുപോലെ മനോഹരം.
കാപ്പി ഇഷ്ടമുള്ളവരാണ് ഏറെയും. അതുകൊണ്ട് തന്നെ കാപ്പിയിൽ പല തരത്തിലുള്ള പരീക്ഷണങ്ങൾ നടത്താൻ ലോകമെമ്പാടുമുള്ള കഫേകൾ ശ്രമിക്കാറുണ്ട്. അത്തരത്തിൽ ചൈനയിലെ ഷാങ്ങ്ഹായിയിലെ മെല്ലോവർ കോഫി കഫേ തുടക്കമിട്ട ട്രെൻഡാണ് ടിക്ടോക്കിലൂടെയും മറ്റും ലോകമെമ്പാടും വൈറലായത്. നിങ്ങൾക്ക് മുന്നിൽ ഒരു കപ്പ് ചൂട് കാപ്പിയിരിക്കുന്നുവെന്ന് കരുതുക. അല്പ സമയത്തിനുള്ളിൽ അതിലേക്ക് മേഘങ്ങളിൽ നിന്ന് മഞ്ഞ് തുള്ളികൾ മഴയായി പെയ്തിറങ്ങുന്ന പോലെ സംഭവിച്ചാലോ.! അതും മധുരമുള്ള മഴ.! ഇതാണ് കോട്ടൺ കാൻഡി കോഫിയുടെ പ്രത്യേകത. ചൂട് അമേരിക്കാനോ കാപ്പിയ്ക്ക് മുകളിൽ സ്റ്റാൻഡിലായി മേഘത്തെ പോലെ കനം കുറഞ്ഞ കോട്ടൺ കാൻഡി അഥവാ പഞ്ഞിമിഠായി സ്ഥാപിക്കും. കപ്പിന് നേർ മുകളിലായിട്ടാണ് കോട്ടൺ കാൻഡി സ്ഥാപിക്കുക. കാപ്പിയിൽ നിന്നുള്ള ചൂടേറിയ ആവി കോട്ടൺ കാൻഡിയിൽ തട്ടുന്നു. അപ്പോൾ കോട്ടൺ കാൻഡി ഉരുകി മഞ്ഞ് മഴ പോലെ താഴേക്ക് സാവധാനം പതിക്കുന്നു. രുചിയുടെ മാജിക്കൽ ഫ്യൂഷനാണിതെന്ന് പരീക്ഷിച്ചവർ പറയുന്നു.