
സാൻ ഫ്രാൻസിസ്‌കോ: തബലയിൽ സംഗീതത്തിന്റെ മാന്ത്രിക പ്രപഞ്ചം തന്നെ സൃഷ്‌ടിച്ച ഉസ്‌താദ് സാക്കിർ ഹുസൈൻ വിടവാങ്ങി. അമേരിക്കയിൽ സാൻ ഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ വച്ച് ഇടിയോപാതിക് പൾമണറി ഫൈബ്രോസിസ് രോഗബാധിതനായി ചികിത്സയിൽ കഴിയവെയാണ് അദ്ദേഹത്തിന്റെ അന്ത്യം. 73 വയസായിരുന്നു.
ഇന്ത്യൻ സംഗീതപ്രതിഭകളിൽ തബലയിൽ സ്വന്തമായി ഇടംനേടിയ അതികായനെയാണ് നഷ്‌ടമായത്. ഏഴ് തവണ ഗ്രാമി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് നാല് തവണ ലഭിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ മൂന്ന് ഗ്രാമി അവാർഡുകൾ ലഭിച്ചു.
ഇന്ത്യൻ സംഗീതോപകരണമായ തബലയെ പാശ്ചാത്യലോകത്തിന് ഇഷ്‌ടപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചയാളാണ് ഉസ്‌താദ്. സാക്കിർ ഹുസാൻ അല്ല റഖ ഖുറൈഷി എന്നാണ് പൂർണനാമം. 1951 മാർച്ച് ഒൻപതിന് മുംബയിൽ പ്രശസ്‌ത തബല മാന്ത്രികൻ ഉസ്‌താദ് അല്ല റഖ ഖാന്റെ മകനായാണ് ജനനം. സെന്റ് മൈക്കിൾസ് ഹൈസ്‌കൂളിലും സെന്റ് സേവ്യേഴ്‌സ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. 12-ാം വയസിൽ ആദ്യമായി സ്വതന്ത്രമായി പരിപാടിയിൽ തബല വായിച്ചുതുടങ്ങി. 18-ാം വയസിൽ പണ്ഡിറ്റ് രവിശങ്കറിനൊപ്പം പരിപാടിയിൽ തബല വായിച്ചു.
സംഗീതലോകത്തെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് 1988ൽ പദ്‌മശ്രീയും 2002ൽ പദ്‌മഭൂഷണും 2023ൽ പദ്‌മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. പ്രശസ്‌ത കഥക് നർത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.
രാജ്യത്തിന് നികത്താനാവാത്ത നഷ്‌ടമാണ് സക്കീർ ഹുസൈന്റെ നിര്യാണത്തിലൂടെ ഉണ്ടായതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി എക്‌സിൽ കുറിച്ചു. സംസ്‌കാരങ്ങളും ഭാഷകളും രാജ്യാതിർത്തികളും കടന്ന് ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല വിദ്വാനാണ് ഉസ്താദ് സക്കീർ ഹുസൈൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി അദ്ദേഹം വിടവാങ്ങിയതായി വാർത്ത പ്രചരിച്ചെങ്കിലും ഉസ്‌താദ് മരിച്ചിട്ടില്ലെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ആശുപത്രിയിൽ അദ്ദേഹം ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും എല്ലാവരും പ്രാർത്ഥന തുടരണമെന്നുമാണ് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നത്.
രാജ്യത്തെ ദേശീയ മാദ്ധ്യമങ്ങളുൾപ്പെടെ സാക്കിറിന്റെ മരണവാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്ര സംസ്ഥാന സർക്കാരും രാജ്യത്തെ നിരവധി പ്രമുഖ കലാ, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.