ustad

തൊണ്ണൂറുകളിൽ താജ് മഹൽ ചായയുടെ പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ടത് അതിലെ ഉസ്‌താദ് സക്കീർ ഹുസൈന്റെ സാന്നിദ്ധ്യമാണ്. ആ പരസ്യത്തിൽ സംഗീതം നൽകുകയും അഭിനയിക്കുകയും ചെയ്‌തു അദ്ദേഹം. ഒപ്പം അതിലെ 'വാഹ്! താജ്' എന്ന പരസ്യവാചകം ഏറെ പ്രശസ്‌തവുമായി. പരസ്യരംഗത്തും ചലച്ചിത്ര സംഗീത രംഗത്തും അഭിനയത്തിലും ഉസ്‌താദ് തനത് മുദ്ര പതിപ്പിച്ചു.

മലയാള ചലച്ചിത്ര രംഗത്ത് മോഹൻലാലിന്റെ കഥകളി വേഷത്തിലൂടെ ശ്രദ്ധനേടിയ ഷാജി എൻ കരുൺ ചിത്രം 'വാനപ്രസ്ഥ'ത്തിന് സംഗീത സംവിധാനം ചെയ്‌തത് ഉസ്‌താദാണ്. 1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സിൽ ഉദ്‌ഘാടന ചടങ്ങുകളുടെ സംഗീത സംവിധാനവും സക്കീർ ഹുസൈനാണ് നിർവഹിച്ചത്.

ഏഴാം വയസിൽ അച്ഛൻ ഹിന്ദുസ്ഥാനി സംഗീത രംഗത്തെ തബലവാദകരിൽ അതികായനായ അല്ലാ രഖാ ഖാന്റെ നേരിട്ടുള്ള ശിക്ഷണത്തിലാണ് അദ്ദേഹത്തിന്റെ സംഗീത യാത്ര തുടങ്ങുന്നത്. ആദ്യകാലത്ത് അച്ഛന് പകരക്കാരനായി വേദികളിൽ തബല വായിച്ച അദ്ദേഹം 12-ാം വയസിൽ ഉസ്‌താദ് അലി അക്‌ബർ ഖാനുവേണ്ടിയാണ് സ്വതന്ത്രമായി തബല വായിച്ചത്.

ഇന്ത്യൻ ക്ളാസിക്കൽ സംഗീത രംഗത്ത് ഹിന്ദുസ്ഥാനിയിലും കർണാടക സംഗീത രംഗത്തും സഹകരിച്ച അദ്ദേഹം വൈകാതെ ആഗോള സംഗീത രംഗത്തും സഹകരിച്ചുതുടങ്ങി. 1973ൽ വിഖ്യാത ഗിറ്റാറിസ്റ്റ് ജോൺ മക്‌ലോലിൻ, വയലിനിസ്റ്റ് എൽ ശങ്കർ,താളമേള വിദഗ്ദ്ധൻ ടി എച്ച് വിക്കു വിനായകം എന്നിവർക്കൊപ്പം ഇന്ത്യൻ സംഗീതത്തെ സമന്വയിപ്പിച്ച് നടത്തിയ പരിപാടി ശ്രദ്ധ നേടി.

സിത്താർ ഇതിഹാസം പണ്ഡിറ്റ് രവിശങ്കർ, പ്രശസ്‌ത ബാന്റ് ബീറ്റിൽസിലെ ജോർജ് ഹാരിസൺ എന്നിവരുമായി ചേർന്നും പരിപാടികൾ നടത്തി. അമേരിക്കയിലും ലണ്ടനിലെ ആൽബർട് ഹാളിനും പരിപാടികൾ ചെയ്‌ത അദ്ദേഹം ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളിലൂടെ അഭിനയ രംഗത്തും എത്തി. ഊർജ്ജസ്വലമായ വായനയിലൂടെ പ്രേഷകനെ താളമേളങ്ങളുടെ മായാലോകത്ത് എത്തിക്കുന്ന മഹാ സംഗീത‌ജ്ഞനാണ് വിടവാങ്ങിയത്.