mohan-babu

ഹൈദരാബാദ്: ആക്രമണത്തിനിരയായ മാദ്ധ്യമ പ്രവർത്തകനെ ആശുപത്രിയിലെത്തി നേരിട്ട് കണ്ട് ക്ഷമ ചോദിച്ച് തെലുങ്ക് നടൻ മോഹൻ ബാബു. ഡിസംബർ ഒമ്പതിനാണ് വസതിയിലെത്തിയ ടിവി 9 റിപ്പോർട്ടർ മുപ്പിടി രഞ്ജിത് കുമാറിനെ പ്രകോപിതനായ നടൻ ആക്രമിച്ചത്. ഗുരുതര പരിക്കേ​റ്റ യുവാവ് യശോദ ആശുപത്രിയിൽ ചികിത്സയിലാണ്. മോഹൻ ബാബു നേരിട്ടെത്തി തന്നോടും കുടുംബത്തോടും സംഭവിച്ചതിൽ മാപ്പ് പറഞ്ഞെന്ന് രഞ്ജിത് കുമാർ പറഞ്ഞു. നടൻ യുവാവിന്റെ വീട് സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

മോഹൻ ബാബുവും ഇളയ മകൻ മഞ്ചു മനോജും തമ്മിലുളള സ്വത്ത് തർക്കത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ് ആക്രമണം നടന്നത്. ര‌ഞ്ജിത് കുമാറിന്റെ ചോദ്യം ഇഷ്ടപ്പെടാതെ വന്നതോടെയാണ് നടൻ മൈക്ക് പിടിച്ചുവാങ്ങി മർദ്ദിച്ചത്. യുവാവിന്റെ താടിയെല്ലിന് ഗുരുതരപരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ തന്നെ മഞ്ചു മനോജ് ക്ഷമാപണം നടത്തിയിരുന്നു. രഞ്ജിത് കുമാർ കൊലപാതക ശ്രമത്തിന് കേസ് ഫയൽ ചെയ്തതോടെ മോഹൻ കുമാറും തുറന്ന കത്തിലൂടെ ക്ഷമ ചോദിച്ചിരുന്നു.

ആക്രമണത്തിൽ പശ്ചാതാപമുണ്ടെന്നാണ് മോഹൻ ബാബു കത്തിൽ പറഞ്ഞത്. കുടുംബപ്രശ്നം വലിയ പ്രശ്നമായെന്നും നടൻ പ്രതികരിച്ചിരുന്നു. 'അടുത്തിടെ നടന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാനാണ് കത്തെഴുതുന്നത്. വ്യക്തിപരമായ കുടുംബ തർക്കം വലിയൊരു സാഹചര്യത്തിലേക്ക് നീങ്ങി. അത് എന്നെ വേദനിപ്പിക്കുന്നു. പ്രമുഖ മാദ്ധ്യമമായ ടിവി 9 കുടുംബത്തോടും എല്ലാ മാദ്ധ്യമപ്രവർത്തകരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ചിലർ ബലമായി തന്റെ വീട്ടിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഈ സാഹചര്യത്തിലാണ് ടിവി 9 മാദ്ധ്യമ പ്രവർത്തകന് പരിക്കേ​റ്റത്. അദ്ദേഹത്തിന്റെ കുടുംബത്തോടും ഞാൻ ക്ഷമ ചോദിക്കുന്നു'- മോഹൻ ബാബു കത്തിൽ പറഞ്ഞു.