mammootty

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചില ചിത്രങ്ങൾ കണ്ടിട്ടില്ലെന്നും അതൊരിക്കലും കാണാൻ കഴിയില്ലെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.

'ഓരോ കഥാപാത്രവും ഓരോ രീതിയിലാണ് നമ്മുടെയടുത്ത് വരിക. ഇച്ചാക്കയുടെ (മമ്മൂട്ടി) തനിയാവർത്തനമെടുത്താൽ, ഞാൻ അതിന്റെ ക്ലൈമാക്സ് കണ്ടിട്ടില്ല. കാണുകയുമില്ല. അതുപോലെ സന്ദർഭവും കണ്ടിട്ടില്ല. ഏത് സിനിമയിലും അഭിനയത്തിന്റ കാര്യത്തിൽ പുള്ളിയുടെ ഭാഗം എപ്പോഴും ക്ലിയറാണ്, കുറ്റം പറയാൻ പറ്റില്ല. സിനിമകൾ മോശമാകാറുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള കുറേ സിനിമകളുണ്ട്. അമരം, വടക്കൻ വീരഗാഥയൊക്കെ എത്രയോ തവണ കണ്ടിട്ടുണ്ട്.


അതേപോലെ തന്നെ ദുൽഖറിന്റെ ലക്കി ഭാസ്‌കർ കണ്ടുകൊണ്ടിരിക്കെ ടിവി ഓഫ് ചെയ്ത കാര്യവും അദ്ദേഹം വെളിപ്പെടുത്തി. ' ലക്കി ഭാസ്‌കറിൽ ദുൽഖർ പിടിക്കപ്പെടുമെന്നായപ്പോൾ എനിക്ക് ടെൻഷനായി. ഞാൻ ടിവി ഓഫ് ചെയ്തു. രാത്രി കണ്ടാൽ ശരിയാകില്ല. രാവിലെ കാണാമെന്ന് കരുതി. ആരുടെയെങ്കിലും കൂടെ കാണുമ്പോൾ ഇത്ര ടെൻഷൻ ഉണ്ടാകില്ല.'- അദ്ദേഹം വ്യക്തമാക്കി.

ഇച്ചാക്കയുടെയും ദുൽഖറിന്റെയും സിനിമയും മകൻ മക്ബൂലിന്റെ സിനിമയും കാണുമ്പോൾ ഇത്തരത്തിൽ ടെൻഷൻ ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇച്ചാക്കയുടെ ടർബോ കണ്ടപ്പോൾ കരച്ചിൽ വന്നു. കോമഡി സിനിമയാണെങ്കിലും സങ്കടം വരുമെന്നും അതിനുകാരണം ഇച്ചാക്കയെ കാണുമ്പോൾ കിട്ടുന്ന ഒരു കണക്ഷനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.