allu-arjun

പുഷ്‌പ 2 പ്രദർശനത്തിനിടെ അല്ലു അർജുൻ തീയേറ്ററിലെത്തിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന ശ്രീതേജിന് (9) ആവശ്യമായതെല്ലാം ചെയ്‌തുകൊടുക്കുമെന്ന് നടൻ അല്ലു അർജുൻ. അപകടവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അല്ലു അർജുൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം ആഘോഷം നടത്തിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്നാണ് അദ്ദേഹം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കുട്ടിക്കുള്ള പിന്തുണ അറിയിച്ചത്.

'ദൗർഭാഗ്യകരമായ അപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രീതേജിനൊപ്പമുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ ഉള്ളതിനാൽ ആ കുട്ടിയെയും കുടുംബത്തെയും ഇപ്പോൾ സന്ദർശിക്കുന്നില്ല. എന്റെ പ്രാർത്ഥന എപ്പോഴും അവർക്കൊപ്പമുണ്ട്. അവരുടെ കുടുംബത്തിനും ചികിത്സയ്‌‌ക്കുമുള്ള എല്ലാ സഹായങ്ങളും ചെയ്‌ത്‌കൊടുക്കും. ആ കുട്ടി എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് ആഗ്രഹിക്കുന്നു', എന്നാണ് അല്ലു അർജുൻ സ്റ്റോറിയിൽ കുറിച്ചത്.

ഡിസംബർ നാലാം തീയതി രാത്രി 11 മണിയുടെ പ്രീമിയർ ഷോയ്‌ക്കിടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ദിൽസുഖ്‌നഗർ സ്വദേശിനിയായ രേവതി (39) മരിച്ചിരുന്നു. ഇവരുടെ മകൻ ശ്രീതേജ് ബോധരഹിതനാവുകയും ചെയ്‌തിരുന്നു. യുവതിയുടെ ഭർത്താവിനും പരിക്കേറ്റിരുന്നു. അല്ലു അർജുൻ എത്തിയതറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം ഗേറ്റ് തകർത്തതിനെ തുടർന്ന് തിക്കിലും തിരക്കിലും പെട്ടായിരുന്നു അപകടം.

സംഭവത്തിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചയോടെ ഹൈദരാബാദിലെ ജൂബിലി ഹിൽസ് വസതിയിലെത്തി അല്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കേസിൽ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌ത് ഉത്തരവിറക്കി. എന്നാൽ, മണിക്കൂറുകൾക്കകം തന്നെ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉത്തരവ് വൈകിയതിന്റെ പശ്ചാത്തലത്തിൽ അല്ലുവിന് ഒരു രാത്രി ജയിലിൽ കഴിയേണ്ടി വന്നു. ശനിയാഴ്‌ച രാവിലെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ അല്ലുവിനെ സ്വീകരിക്കാൻ ആയിരക്കണക്കിന് ആരാധകർ കാത്തുനിന്നു. വീട്ടിലേക്കെത്തിയ അല്ലുവിനെ ഏറെ വൈകാരികമായാണ് ഭാര്യയും മക്കളും സഹോദരനും സ്വീകരിച്ചത്.