p-mohanan-k-surendran

മലബാറിൽ വലിയ പ്രചാരണം നേടിയ 'മെക് സെവൻ' വ്യായാമ കൂട്ടായ്‌മക്കെതിരെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ ഉന്നയിച്ച ആരോപണങ്ങൾ വലിയ വിവാദങ്ങൾ സൃഷ്‌ടിച്ചിരിക്കുകയാണ്. മെക് സെവന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്നാണ് പി മോഹനന്റെ വിമർശനം. മെക് സെവൻ വാട്സ്ആപ്പ് കൂട്ടായ്മയുടെ അഡ്മിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്നവരാണെന്ന് വ്യക്തമായിരുന്നതായി മോഹനൻ ആരോപിച്ചിരുന്നു. തുടർന്ന് മോഹനനെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.

വ്യായാമ കൂട്ടായ്മയിൽ സംശയമുണ്ടെന്ന് പറഞ്ഞ് മുൻവിദേശകാര്യ സഹമന്ത്രിയും ബി.ജെ.പി.നേതാവുമായ വി. മുരളീധരൻ രംഗത്തെത്തി. ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട്‌ പോലുള്ള സംഘടനകൾ മെക് സെവന് പിന്നിലുണ്ടെന്ന് സംശയിക്കാൻ നിരവധി കാരണങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ജാഗ്രത പുലർത്തണം. പിന്നിൽ പ്രവർത്തിക്കുന്ന സംഘടനകളെ തിരിച്ചറിഞ്ഞുവേണം ആളുകൾ ഇത്തരം പരിപാടികളിൽപോകാനെന്നും മുരളീധരൻ പ്രതികരിച്ചിരുന്നു.

മെക് സെവനിൽ ചതി ഉണ്ടെന്നും വിശ്വാസികൾ പെട്ടുപോകരുതെന്നുമുള്ള മുന്നറിയിപ്പുമായി എ.പി. സുന്നി വിഭാഗം സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി രെഗത്തെത്തി. മെക് സെവന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണ്. സുന്നി വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. വിശ്വാസികൾ ഇത് തിരിച്ചറിയണമെന്നും പേരോട് സഖാഫി പറയുന്നു. മെക് സെവൻ പ്രവർത്തനം സംശയാസ്പദമാണെന്നും പോപ്പുലർ ഫ്രണ്ടിന്റെ ആദ്യരൂപമായ എൻ.ഡി.എഫ് കേരളത്തിൽ പ്രവർത്തനം തുടങ്ങിയപ്പോഴും സമാന രീതിയാണ് പ്രയോഗിച്ചതെന്നും എസ്.വൈ.എസ്. കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂരും ആരോപിച്ചു.

ഇപ്പോഴിതാ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ പൗരന്മാരെ മുഴുവൻ സദാസമയം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഏജൻസികൾക്ക് കഴിയാത്തത് പി. മോഹനന് സാധിച്ചിട്ടുണ്ടെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയാകാൻ പരമയോഗ്യൻ മോഹനൻ ആണെന്നാണ് സന്ദീപിന്റെ പരിഹാസം.

സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്-

''മെക് സെവൻ തീവ്രവാദമാണെന്നാണ് ഇപ്പോൾ ബിജെപിക്കാർ പറയുന്നത് . രണ്ടുവർഷത്തിനുള്ളിൽ ആയിരത്തിലേറെ സ്ഥലങ്ങളിലേക്ക് പടർന്നു കയറിയ ഈ വ്യായാമ ശൃംഖല തീവ്രവാദ പ്രവർത്തനമാണെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് രാജിവയ്ക്കാൻ പറയുക എന്നതാണ്. എന്നിട്ട് പകരം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനനെ ആഭ്യന്തരമന്ത്രിയാക്കുക. രാജ്യത്തെ പൗരന്മാരെ മുഴുവൻ സദാസമയം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ ഏജൻസികൾക്ക് കഴിയാത്തത് മോഹനന് സാധിച്ചിട്ടുണ്ടെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയാകാൻ പരമയോഗ്യൻ അദ്ദേഹമാണ്. ഉള്ളിയേരിയിൽ വരെയുള്ള വ്യായാമ ശൃംഖലയിലെ തീവ്രവാദം തിരിച്ചറിയാൻ കെ സുരേന്ദ്രന് പോലും മോഹനനെ ആശ്രയിക്കേണ്ടി വന്നില്ലേ . കോൺസ്പിറസി തിയറികൾ പടച്ചുവിട്ട് മനുഷ്യനെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൽ നിന്ന് കേരളം വഴി മാറി നടന്നേ പറ്റൂ.''