
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യവസായിയാണ് എംഎ യൂസഫലി. 1995ൽ അബുദാബി കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ ചെറിയ സംരഭമാണ് ഇന്ന് ലോകമെമ്പാടും അറിയുന്ന ലുലു ഗ്രൂപ്പ്. ഇന്ന് ഏഷ്യയിലെ മുൻനിര റീട്ടെയിൽ വ്യപാര ഗ്രൂപ്പാണ് ലുലു. കഴിഞ്ഞ ദിവസമാണ് ലുലു തങ്ങളുടെ ഏറ്റവും പുതിയ മാൾ കോട്ടയം ജില്ലയിൽ ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ അഞ്ചാമത്തെ മാളാണിത്. കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രമുഖർ ഉൾപ്പടെ വന്നിരുന്നു. ഇപ്പോഴിതാ ചടങ്ങിൽ എത്തിയ സന്തോഷ് ജോർജ് കുളങ്ങര ലുലു ഗ്രൂപ്പിന്റെ ബിസിനസ് ടെക്നിക്കെനെക്കുറിച്ച് തുറന്നുപറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇതേക്കുറിച്ച് തുറന്നുപറയുന്നത്.
സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകളിലേക്ക്...
'ഞാൻ ഒരു ചെറിയ രഹസ്യം പറയാനാണ് ആഗ്രഹിക്കുന്നത്. ഈ യൂസഫലി സാർ എങ്ങനെയാണ് ലുലു എന്ന് പറയുന്ന വലിയ ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ചത്. എന്താണ് അദ്ദേഹത്തിന്റെ ബിസിനസ് ടെക്നിക്ക് എന്നീ കാര്യങ്ങൾ അറിയാൻ ഇവിടെക്കൂടിയിരിക്കുന്ന ആളുകൾക്ക് താൽപര്യമുണ്ടാകും. അത് ഇതുവരെ ആരും പറഞ്ഞ് കേട്ടിട്ടില്ല. എനിക്കുണ്ടായ ചെറിയ അനുഭവം പറയാം. അദ്ദേഹത്തെ ഞാൻ ആദ്യമായി നേരിട്ട് കാണുന്നത്. വളരെ വ്യത്യസ്തമായ ഒരു സ്ഥലത്ത് വച്ചാണ്.
എങ്ങനെയാണ് അബുദാബിയിലെ ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് യൂസഫലി സാർ അദ്ദേഹത്തിന്റെ ഫിംഗർ പ്രിന്റിൽ വിവരങ്ങൾ കിട്ടുന്നു എന്നത് എനിക്ക് കാണിച്ചു തന്നു. അദ്ദേഹത്തിന്റെ ഐടി സെൽ ഉൾപ്പടെ എനിക്ക് കാണിച്ചു തന്നു. അന്ന് അവിടെ വച്ച് അദ്ദേഹം ഒരു കാര്യം പറഞ്ഞു നമുക്ക് ഇവിടെ വച്ച് അധികനേരം സംസാരിക്കാൻ സമയമില്ല. ഞാൻ ഷാർജയിലേക്ക് പോകുന്നുണ്ട്, നമുക്ക് വിമാനത്തിൽ ഒന്നിച്ചിരിക്കാം.
പ്രൈവറ്റ് ജെറ്റിൽ കയറി ഞങ്ങൾ യാത്ര പുറപ്പെടുന്നതിന് മുമ്പ് അദ്ദേഹം പറഞ്ഞു. ഏത് യാത്രയ്ക്ക് മുമ്പും നമ്മൾ ഒന്ന് പ്രാർത്ഥിക്കണം. ആ പ്രാർത്ഥനയുടെ അർത്ഥം ഇതാണ്, അദ്ദേഹം പരമകാരുണ്യകനുമായി സംസാരിച്ച്, പ്രാർത്ഥിച്ച് വിമാനം ടേക്കോഫ് ചെയ്തു. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം ഈ വിമാനത്തിൽ അദ്ദേഹം എനിക്ക് വേണ്ടി കഴിക്കാൻ ഒരുക്കിവച്ചിരിക്കുന്നത് ഒന്നാന്തരം പഴംപൊരി, വട, കൊഴുക്കട്ട, ഇലയട. ഇത് നിങ്ങൾ വിശ്വസിക്കില്ല.
എംഎ യൂസഫലിയുടെ സാമ്രാജ്യവും അദ്ദേഹത്തിന്റെ വലുപ്പവുമൊക്കെ വച്ച് ഞാൻ ഒരു സാധാരണ മാദ്ധ്യമപ്രവർത്തകനാണ്. പക്ഷേ, ഈ വിമാനത്തിൽ കൊണ്ടുപോകുമ്പോൾ ആ മനുഷ്യന് എന്താണ് കഴിക്കാൻ താൽപര്യമെന്ന് അറിഞ്ഞ് വിമാനത്തിൽ ആ ഭക്ഷണം ഒരുക്കിവയ്ക്കാൻ. ആ കരുതലോടെ പരിചരിക്കാൻ, ആ കരുതലോടെ വിളമ്പത്തരാൻ അദ്ദേഹം കാണിക്കുന്ന ശ്രദ്ധ. ഓരോ ചെറിയ കാര്യത്തിനും ഓരോ വ്യക്തിയുടെ കാര്യത്തിലും അദ്ദേഹം കാണിക്കുന്ന ശ്രദ്ധയും സൂക്ഷ്മതയും അത് രാഷ്ട്രത്തലവൻമാരിലേക്ക് എത്തുന്നു എന്നതാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ രഹസ്യം. സംരംഭങ്ങൾ നടത്തുന്നവർ അദ്ദേഹത്തിൽ നിന്നും പഠിച്ചെടുക്കേണ്ട കാര്യം ഇതാണ്'.