
ചെന്നൈ: സംഗീത സാമ്രാട്ട് എന്ന് വിശേഷിപ്പിക്കാമെങ്കിലും എന്നും വിവാദങ്ങളുടെ കൂടി തോഴനാണ് ഇളയരാജ. തമിഴ്‌നാട്ടിലെ ശ്രീവില്ലി പുത്തൂരിലുള്ള ആണ്ടാൾ ക്ഷേത്രദർശനവുമായി ബന്ധപ്പെട്ടുള്ളതാണ് പുതിയ വിവാദം. ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഇളയരാജ ശ്രീകോവിലിനു മുന്നിലെ അർത്ഥമണ്ഡപത്തിൽ പ്രവേശിക്കാൻ ഒരുങ്ങിയപ്പോൾ ക്ഷേത്രം അധികൃതരും ഭക്തരും ചേർന്ന് തടയുകയായിരുന്നു.
ആചാര ലംഘനമാണെന്നാരോപിച്ചാണ് അർത്ഥമണ്ഡപത്തിലേക്കുള്ള ഇളയരാജയുടെ പ്രവേശനം അധികൃതർ തടഞ്ഞത്. തുടർന്ന് അർത്ഥമണ്ഡപത്തിന് പുറത്ത് നിന്ന് പ്രാർഥന നടത്തിയ ഇളയരാജയെ പൂജാരികൾ ഹാരമണിയിച്ച് ആദരിച്ചു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന് സ്വീകരണവും നൽകി.
സംഭവം പുറം ലോകമറിഞ്ഞതോടെ ഇളയരാജയെ തടഞ്ഞ നടപടിക്കെതിരെയുള്ള പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ സജ്ജീവമാകുകയാണ്. ജാതിപരമായ വിവേചനത്തിലൂടെ ഇളയരാജയെ അവഹേളിച്ചെന്നാണ് പ്രധാന ആക്ഷേപം. എന്നാൽ ശ്രീകോവിലിന്റെ പുറത്ത് വച്ച് ഇളയരാജയെ പൂജാരിമാർ ആദരിച്ചല്ലോ എന്ന് മറ്റൊരു വിഭാഗം ചോദിക്കുന്നുണ്ട്. കഴിഞ്ഞദിവസം, ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയ തിരുവണ്ണാമലൈ ജില്ലാ കളക്ടർക്കും പ്രവേശനം നിഷേധിച്ചിരുന്നു.
ഇളയരാജയുടെ ജീവിതം ആസ്‌പദമാക്കി ആലോചിച്ച ധനുഷ് ചിത്രം നടക്കില്ലെന്നുറപ്പായി. ഇളയരാജയും സംവിധായകൻ അരുൺ മാതേശ്വരനും തമ്മിൽ രൂപപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങളാണ് പ്രോജക്ട് ഉപേക്ഷിക്കാൻ കാരണം എന്നാണ് വിവരം. ചിത്രത്തിന്റെ വലിയ ബഡ്ജറ്റും തടസപ്പെടുത്തിയത്രേ. ചെന്നൈയിൽ ഗംഭീരമായ ചടങ്ങിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കമൽഹാസനും ധനുഷും ഇളയരാജയും ചേർന്ന് പുറത്തിറക്കിയിരുന്നു.