
ധാക്ക: അടുത്ത വർഷം അവസാനമോ 2026 ന്റെ തുടക്കത്തിലോ ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഇടക്കാല സർക്കാർ തലവനും നോബൽ ജേതാവുമായ മുഹമ്മദ് യൂനുസ്. സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് യൂനുസിന്റെ (84) നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിലെത്തിയത്. 'ചീഫ് അഡ്വൈസർ' എന്ന പദവിയാണ് അദ്ദേഹം വഹിക്കുന്നത്. 170 ദശലക്ഷം ജനങ്ങളുള്ള ദക്ഷിണേഷ്യൻ രാജ്യത്ത് വൻ വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് യൂനുസ് താൽക്കാലിക ഭരണകൂടത്തെ നയിക്കുന്നത്.
പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന രാജിവച്ച് ഇന്ത്യയിൽ അഭയം തേടിയതിന് പിന്നാലെയായിരുന്നു ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിന് വഴിയൊരുങ്ങിയത്. ധാക്കയിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആയിരക്കണക്കിന് പ്രതിഷേധക്കാർ അതിക്രമിച്ചുകയറിയതോടെയാണ് എഴുപത്തിയേഴുകാരിയായ ഹസീന ഹെലികോപ്റ്ററിൽ അയൽരാജ്യമായ ഇന്ത്യയിലേക്ക് പലായനം ചെയ്തത്.
അതേസമയം, മുഹമ്മദ് യൂനുസ് 'വംശഹത്യ' നടത്തുകയാണെന്നും ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഹസീന അടുത്തിടെ ആരോപിച്ചിരുന്നു. "എന്തിനു വേണ്ടിയാണ് ന്യൂനപക്ഷങ്ങളെ ക്രൂരമായി ആക്രമിക്കുന്നത്. അക്രമം തടയുക എന്ന ലക്ഷ്യത്തോടെയാണ് താൻ ബംഗ്ലാദേശ് വിട്ടത്. അത് നടന്നില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് അവർ വംശഹത്യ നടപ്പാക്കുന്നത്. വിദ്യാർത്ഥി കോ - ഓർഡിനേറ്റർമാരും യൂനുസുമാണ് ഇതിന് പിന്നിൽ.- എന്നായിരുന്നു ഹസീന പറഞ്ഞത്. ന്യൂയോർക്കിൽ നടന്ന പൊതുപരിപാടിയെ വെർച്വലായി അഭിസംബോധന ചെയ്യവേയായിരുന്നു വിമർശനം.