dollar

ലോകത്തിലെ മിക്ക രാജ്യങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളാണ് ഭരിക്കുന്നത്. ഭരണാധികാരി പ്രസിഡന്റോ പ്രധാനമന്ത്രിയോ ആകാം. എന്നാൽ അപൂർവമെങ്കിലും ചില പ്രധാന രാജ്യങ്ങളിൽ ഇപ്പോഴും ഭരണതലവൻ രാജാവ് ആണ്. ബ്രിട്ടൺ തന്നെ മികച്ച ഉദാഹരണം. ഏഷ്യൻ രാജ്യമായ ബ്രൂണെയിലും രാജഭരണമാണ്. ഒരുകാലത്ത് ലോകത്തിൽ ഏറ്റവും സമ്പന്നനായ ഭരണാധികാരി ബ്രൂണെയിലെ രാജാവ് ആയിരുന്നു. എന്നാൽ രാജാക്കന്മാരിൽ ഏറ്റവും പണവും പ്രതാപവുമുള്ളത് ഇപ്പോൾ ബ്രൂണെയിലല്ല. തായ്‌ലന്റ് രാജാവായ രാമൻ പത്താമൻ അഥവാ വാജിറലോങ്കോൺ ആണ് ഇപ്പോൾ ലോകത്തിലേറ്റവും ധനികൻ.

വൻ വിലയുള്ള ആഭരണങ്ങൾ,​ റിയൽ എസ്‌റ്റേറ്റ് ഹോൾഡിംഗുകൾ,​ വലിയ കമ്പനികളുടെ ഓഹരികൾ എന്നിവ സ്വന്തമായുള്ളയാളാണ് 72കാരനായ വാജിറലോങ്കോൺ രാജാവ്. 40 ബില്യൺ ഡോളറിലധികമാണ് തായ് രാജകുടുംബത്തിന്റെ സ്വത്ത്. തായ്‌ലന്റിൽ 16,​210 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നതാണ് വാജിറലോങ്കോണിന്റെ സ്വത്ത്. ബാങ്കോക്കിൽ മാത്രം 17,​000 വസ്‌തുവകകളുണ്ട്.

തായ്‌ലന്റിലെ ഏറ്റവും വലിയ രണ്ടാമത് ധനകാര്യ സ്ഥാപനമാണ് സിയാം കൊമേഴ്സ്യൽ ബാങ്ക്. ഇതിന്റെ 23 ശതമാനം ഓഹരിയും വാജിറലോങ്കോണിന് സ്വന്തമാണ്. രാജ്യത്തെ വമ്പൻ വ്യവസായ കമ്പനിയായ സിയാം സിമന്റ് ഗ്രൂപ്പിന്റെ 33.3 ശതമാനം ഓഹരിയും അദ്ദേഹത്തിനുള്ളതാണ്.

ഇവയ്‌ക്ക് പുറമേ ലോകത്തിൽ ഏറ്റവും വിലയേറിയ വജ്രം എന്ന് കണക്കാക്കുന്ന 547.65 കാരറ്റ് സുവർണ ജൂബിലി വജ്രം തായ്‌ലന്റ് രാജാവിന്റെ പക്കലാണുള്ളത്. ഇതിന് ഏതാണ്ട് 98 കോടി രൂപ വിലവരും. രാജാവിന് തന്റെ അമൂല്യ നിധിശേഖരത്തിൽ ഒന്നുമാത്രമാണ് ഇത്.

king

2.35 മില്യൺ ചതുരശ്രയടി വലുപ്പമുള്ള വലിയൊരു കൊട്ടാരമാണ് വാജിറലോങ്കോണിന് ഉള്ളത്. എന്നാൽ അദ്ദേഹം ഇവിടെ അധികം താമസിക്കാറില്ല. ഇനി അദ്ദേഹത്തിന്റെ ആഡംബര വാഹനങ്ങളുടെ കണക്കെടുത്താൽ 38 ആഡംബര വിമാനങ്ങൾ വജിറലോങ്കോണിനുണ്ട്. ബോയിംഗ്,​ എയർബസ് വിമാനങ്ങളും സുഖോയ് ജെറ്റും ഇക്കൂട്ടത്തിലുണ്ട്. 21 ഹെലികോപ്‌റ്ററുകളുണ്ട്. ഇവയ്‌ക്കെല്ലാം തന്നെ അഞ്ഞൂറ് കോടിയിലധികം വിലവരും.

boat

ഇനി കാറുകളുടെ കാര്യമെടുത്താൽ ലിമോസെൻ,​ ബെൻസ് എന്നിങ്ങനെ 300 ലധികം അത്യാഡംബര കാറുകളുണ്ട്. അതോടൊപ്പം സ്വർണ കൊത്തുപണികളുള്ള 52 ബോട്ടുകളുമുണ്ട്. പണ്ട് സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യമെന്ന് പറഞ്ഞിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിപൻ ചാൾസ് മൂന്നാമൻ രാജാവിനെക്കാൾ പലമടങ്ങ് സ്വത്ത് വാജിറലോങ്കോണിനുണ്ട്. 747 മില്യൺ ഡോളറാണ് ചാൾസിന്റെ ആസ്‌തി. എന്നാൽ 43 ബില്യൺ ഡോളറാണ് വാജിറലോങ്കോണിന് സ്വന്തമായുള്ളത്.

കാര്യം ഇതൊക്കെയെങ്കിലും ഇന്ത്യയിലെ രണ്ട് അതിസമ്പന്നർ വാജിറലോങ്കോണിനെക്കാൾ ആസ്‌തി ഉള്ളവരാണ്. റിലയൻസ് തലവൻ മുകേഷ് അംബാനിയ്‌ക്ക് 119.5 ബില്യൺ ഡോളറിന്റെ ആസ്‌തിയുണ്ട്. അദാനിയ്‌ക്കാകട്ടെ 116 ബില്യണിന്റെയും.