
ചായയും പൊറോട്ടയും എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ചായ കുടിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിത്തിൽ കാണില്ല. അതുപോലെയാണ് പൊറോട്ടയും. ആഴ്ചയിൽ ഒരിക്കലെങ്കിൽ പൊറോട്ട കഴിക്കാൻ തോന്നുന്ന ആളുകളും ഏറെയാണ്. ചിലർ ദിവസവും പൊറോട്ട കഴിക്കാറുണ്ട്. ചായ കുടിക്കുമ്പോൾ ഒരു പൊറോട്ട കൂടി വാങ്ങി കഴിക്കുന്നവരുമുണ്ട്.
എന്നാൽ ആ പതിവ് ഇനി ആവർത്തിക്കാതിരിക്കുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. രാവിലെ ചായയും പൊറോട്ടയും കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. പൊറോട്ടയുടെ എണ്ണമയമുള്ള ഘടന ദഹനത്തെ മന്ദഗതിയിലാക്കുന്നുവെന്നാണ് കണ്ടെത്തൽ. കൂടാതെ കടുത്ത ദാഹവും അനുഭവപ്പെടുന്നു. ചായയിലെ കഫീൻ ആമാശയത്തിലെ ആസിഡ് ഉൽപാദനം വർദ്ധിപ്പിച്ച് അസ്വസ്ഥതയുണ്ടാക്കും. പൊറോട്ട കഴിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും യാതൊരു ഗുണവും പ്രത്യേകിച്ച് ലഭിക്കില്ല എന്നത് ഒരു വസ്തുതയാണ്.
പഞ്ചസാര അടങ്ങിയ ചായയ്‌ക്കൊപ്പം പൊറോട്ട കഴിക്കുന്നത് അധിക കലോറിയ്ക്ക് കാരണമാകുന്നു. കാലക്രമേണ ഇത് ശരീരഭാരം വർദ്ധിപ്പിക്കുകയും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. പൊറോട്ട ഉണ്ടാക്കുന്ന മെെദയിൽ കാർബോഹെെഡ്രേറ്റും കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഗ്ലെെസമിൻ ഇൻഡെക്സ് കൂടുതലായതിനാൽ മെെദ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് പ്രമേഹ സാദ്ധ്യത കൂട്ടും. പൊറോട്ടയ്‌ക്കൊപ്പം പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ചായയ്ക്ക് പകരം പൊറോട്ട കഴിച്ചതിന് ശേഷം സവാള, സാലഡ് എന്നിവ കഴിക്കുന്നത് നല്ല ശീലമാണ്.