bashar-al-assad

മോസ്‌കോ: വിമത അട്ടിമറിക്ക് പിന്നാലെ രാജ്യംവിട്ട മുൻ പ്രസിഡന്റ് ബാഷർ അൽ അസദ് നേരത്തെ തന്നെ സമ്പത്ത് റഷ്യയിലേക്ക് കടത്തിയതായി വിവരം. അസദ് ഭരണകാലത്ത് സിറിയൻ സെൻട്രൽ ബാങ്ക് രണ്ട് വർഷത്തിനിടെ ഏകദേശം 25 കോടി ‌ഡോളർ (ഏകദേശം 2120 കോടി രൂപ) പണമായി മോസ്‌കോയിലേക്ക് അയച്ചതായാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്‌തത്.

ഏകദേശം രണ്ട് ടണ്ണോളം ഭാരം വരുന്ന നോട്ടുകളാണ് സിറിയൻ സെൻട്രൽ ബാങ്ക് മോസ്‌കോയിലെ നുകോവോ വിമാനത്താവളത്തിലേക്ക് അയച്ചത്. 100ന്റെ ഡോളർ നോട്ടുകളും 500ന്റെ യൂറോ നോട്ടുകളുമായിരുന്നു ഇതിൽ. വിലക്ക് നേരിടുന്ന ഒരു റഷ്യൻ ബാങ്കിൽ 2018 - 19 കാലത്ത് ഈ പണം നിക്ഷേപിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ സമയത്ത് റഷ്യയുടെ സൈനിക സഹായത്താലാണ് അസദ് വിമത സംഘങ്ങളെ അടിച്ചമർത്തിയിരുന്നത്. അസദിന്റെ ബന്ധുക്കൾ റഷ്യയിൽ വസ്‌തുവകകൾ വാങ്ങിക്കൂട്ടിയതായും വിവരമുണ്ട്.

കോടിക്കണക്കിന് വരുന്ന പണം കടത്തിയപ്പോൾ റഷ്യയുടെ സൈനിക സഹായവും കൂലിപ്പട്ടാളമായ വാഗ്നർ സംഘവും സിറിയയിൽ ഉണ്ടായിരുന്നു. വിമതർക്കെതിരായ ആക്രമണത്തിൽ സർക്കാർ സേനയെ സഹായിക്കലായിരുന്നു ഇവരുടെ ദൗത്യം. സിറിയയ്‌ക്കുമേൽ പാശ്ചാത്യരാജ്യങ്ങൾ സാമ്പത്തിക ഉപരോധമടക്കം ഏർപ്പെടുത്തിയിരുന്നതിനാലാണ് നോട്ടുകളായി പണം റഷ്യയിലേക്ക് കടത്തിയതെന്നാണ് കരുതുന്നത്.

സിറിയയിൽ നിന്ന് കടന്നതിന് പിന്നാലെ ബാഷർ അൽ അസദിന് രാഷ്‌ട്രീയാഭയം നൽകിയെന്ന് റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. വിമതസംഘമായ ഹയാത്ത് തഹ്രീർ അൽ ഷാം (എച്ച്‌ടിഎസ്‌) തലസ്ഥാന നഗരമായ ഡമാസ്‌കസ് പിടിച്ചെടുത്തതിന് പിന്നാലെ അസദിനെ രാജ്യം വിടാൻ സഹായിച്ചതായാണ് റഷ്യ സ്ഥിരീകരിച്ചത്.