job

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ 'വിജ്ഞാന ആലപ്പുഴ ' പദ്ധതിയുടെ ഭാഗമായുള്ള ജോബ് സ്റ്റേഷനുകളുടെ പ്രവർത്തനത്തിന് തുടക്കമായി. ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് യോഗ്യതയ്ക്ക് അനുസരിച്ച് മികച്ച തൊഴിൽ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

തൊഴിലന്വേഷകരെയും തൊഴിൽ ദാതാക്കളെയും കൂട്ടിയിണക്കുന്ന ജോബ് ഫെയറിലൂടെയാണ് തൊഴിൽ ഉറപ്പുവരുത്തുക. സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരെയും പുതുമുഖങ്ങളെയും ഒരുപോലെ പരിഗണിക്കും. ജില്ലയിൽ അയ്യായിരം പേർക്ക് ജോലി ഉറപ്പാക്കാനുള്ള ആദ്യഘട്ട ജോബ് ഫെയർ ഫെബ്രുവരി ഒന്നിന് ആലപ്പുഴ എസ്.ഡി കോളേജ് ക്യാമ്പസിൽ നടക്കും.


പ്രാദേശികം മുതൽ പ്രൊഫഷണൽ വരെ

1. പ്രാദേശിക സ്ഥാപനങ്ങളിലെ ഒഴിവുകൾ മുതൽ വിദേശത്ത് പഠനത്തോടൊപ്പം ജോലിചെയ്യാനുള്ള അവസരം വരെ ജോബ് ഫെയറിന്റെ ഭാഗമാകും.

2.ജോബ് ഫെയറിന് മുന്നോടിയായി ക്യാമ്പസ് ഇന്റർവ്യൂ നടത്താനും, പ്രാദേശിക ഒഴിവുകൾ കണ്ടെത്താനുള്ള സർവ്വേ നടത്താനും ആലോചനയുണ്ട്.

3.വിവാഹിതരായ സ്ത്രീകളെ ലക്ഷ്യമിട്ടുള്ള വർക്ക് ഫ്രം ഹോം, മെഡിക്കൽ, ഐ.ടി, ടെക്നിക്കൽ മേഖലകളിലേക്കാണ് കൂടുതൽ ഉദ്യോഗാർത്ഥികളെ പ്രതീക്ഷിക്കുന്നത്.

ജില്ലയിലെ 12 ബ്ലോക്കുകളിലായാണ് ജോബ് സ്റ്റേഷനുകൾ. ആലപ്പുഴ ജില്ലയിൽ നിന്ന് ഒരുലക്ഷത്തി ഒൻപതിനായിരം പേരാണ് സ‌ർക്കാരിന്റെ നോളജ് മിഷൻ സൈറ്റിൽ ജോലിക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 25000 പേർക്ക് അടിയന്തരമായി ജോലി ആവശ്യമാണെന്നാണ് ജില്ലാ പഞ്ചായത്തിന്റെ വിലയിരുത്തൽ.

ഓരോ ബ്ലോക്കുകളിലും പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷനുകളിൽ ഉദ്യോഗാർത്ഥികളെ സഹായിക്കാനായി വിവിധ സർക്കാർ ഏജൻസി റിസോഴ്സ് പേഴ്സൺമാർ, സന്നദ്ധപ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരുണ്ടാകും. അഭിമുഖങ്ങൾ നേരിടാനുള്ള പരിശീലനം ഉൾപ്പടെ ജോബ് സ്റ്റേഷൻ വാഗ്ദാനം ചെയ്യുന്നു. ഉദ്യോഗാർത്ഥികൾക്ക് പുതുതായി രജിസ്റ്ററും ചെയ്യാം.

യോഗ്യതയുടെയും ശേഷിയുടെയും അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിലവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇന്റർവ്യൂവിന് പ്രാപ്തരാക്കുകയും മികച്ച ജോലി ലഭ്യമാക്കുകയും ചെയ്യുന്നതിനു ജോബ് സ്റ്റേഷനിലൂടെ ഉദ്യോഗാർത്ഥികളെ സഹായിക്കും.

- അഡ്വ.ആർ.റിയാസ്, ജില്ലാ പഞ്ചായത്തംഗം