
കേരളത്തിലെ ബുദ്ധിയുള്ള കർഷകർ ഇപ്പോൾ പ്ളാവിന് പിറകിലാണ്. കുറഞ്ഞ സമയം കൊണ്ട് നല്ല ലാഭം പ്ളാവ് കൃഷിയിലൂടെ ലഭിക്കും എന്ന് ഉറപ്പായതുകൊണ്ടാണ് അവർ ഈ മേഖലയിലേക്ക് തിരിഞ്ഞത്. ആയൂർ ജാക്ക് ഇനത്തിൽ പെട്ട പ്ളാവിൻ തൈകളാണ് കർഷകർക്ക് പ്രിയം. തൈ നട്ട് വർഷം ഒന്ന് കഴിയുമ്പോൾ തന്നെ കായ് ഫലം ലഭിച്ചു തുടങ്ങും.
വർഷത്തിൽ മൂന്ന് തവണ എന്തായാലും ആയൂർ ജാക്ക് കായ്‌ക്കും. ഇടിച്ചക്ക, കൂഴച്ചക്ക, ചക്കപ്പഴം എന്നിവ കൂടാതെ ചക്ക വറയായുമൊക്കെ ഉപയോഗിക്കാൻ പറ്റിയ ഫലങ്ങൾ. ആവശ്യക്കാർ വീട്ടിൽ വന്ന് വാങ്ങിക്കൊണ്ട് പോകുകയും ചെയ്യും. ഒരു കിലോ ചക്കയ്ക്ക് 25 മുതൽ 40 രൂപ വരെയാണ് വില. ഒരു പ്ളാവിൽ നിന്ന് ഒരു വർഷം 60 ചക്കയോളം കിട്ടും. ഒരു ചക്കയ്ക്ക് ആറ് കിലോ തൂക്കം വരും. പ്ളാവിന്റെ വളർച്ചയ്ക്ക് അനുസരിച്ച് ആദായം വർദ്ധിച്ചുകൊണ്ടേയിരിക്കും. ഫലത്തിൽ തെങ്ങിനേക്കാൾ ലാഭം ഇരട്ടിയാണെന്ന് സാരം. ആലപ്പുഴയിലടക്കം പ്ളാവ് കൃഷി ഏക്കറ് കണക്കിന് ചെയ്യുന്ന കർഷകരുണ്ട്. തെങ്ങിനെ അപേക്ഷിച്ച് പ്ളാവിന് രോഗ ഭീഷണിയും നഷ്ട ഭയവും കുറവാണ്.
മൂപ്പുകുറഞ്ഞ ചക്കയാണ് ഇടിച്ചക്ക. കറിവയ്ക്കാനും അതപോലെ അച്ചാറിടാനുമെല്ലാം ഇടിച്ചക്കയാണ് ഉപയോഗിക്കുക. മൂത്തു വിളഞ്ഞ ചക്ക ഉപയോഗിച്ച് ചക്കപ്പുഴുക്ക് ഉണ്ടാക്കുന്നു. ചക്കപ്പഴം കൊണ്ട് ചക്കവരട്ടി, ചക്കയട, പായസം എന്നിങ്ങനെ പലതരത്തിലുള്ള വിഭവങ്ങളുണ്ടാക്കാം. ചക്കക്കുരുവും ഇന്ന് മൂല്യമേറിയ ഉൽപന്നമാണ്. ചക്കക്കുരുപ്പൊടി ഉപയോഗിച്ച് ഒട്ടേറെ ഭക്ഷ്യോൽപന്നങ്ങൾ നിർമിക്കാൻ കഴിയും.