
ന്യൂഡൽഹി: റെയിൽവെയ്ക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ എയർ കണ്ടീഷൻഡ് (എസി) ക്ലാസ് നിരക്കുകൾ പുനഃപരിശോധിക്കാൻ നീക്കം. റെയിൽവെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഇങ്ങനെ ഒരു ശുപാർശ മുന്നോട്ടുവച്ചത്. ജനറൽ ക്ലാസ് യാത്രക്കാർക്ക് നിരക്ക് താങ്ങാനാവുന്നതാണെന്ന് ഉറപ്പാക്കണമെന്ന ആവശ്യവും കമ്മിറ്റി മുന്നോട്ടുവച്ചു. ഇന്ത്യൻ റെയിൽവേയുടെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന പാസഞ്ചർ, ചരക്ക് വിഭാഗങ്ങൾ തമ്മിലുള്ള ഗണ്യമായ വരുമാന അസമത്വത്തെക്കുറിച്ചുള്ള ആശങ്കകളിൽ നിന്നാണ് ഇങ്ങനെ ഒരു നിർദ്ദേശം മുന്നോട്ടുവന്നത്.
ബിജെപി എംപി സിഎം രമേഷ് അദ്ധ്യക്ഷനായ സമിതി റെയിൽവെയുടെ വരുമാനത്തിലുണ്ടാകുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്തു. 2024-25 സാമ്പത്തിക വർഷത്തിൽ പാസഞ്ചർ ട്രെയിനുകളുടെ ആകെ വരുമാനം 80,000 കോടി രൂപയാണ്. എന്നാൽ ചരക്ക് ട്രെയിനുകളുടെ വരുമാനം ഇതേ കാലയളവിൽ 1.8 ലക്ഷം കോടിയാണ്. ഈ സാഹചര്യത്തിൽ പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് വിലയിരുത്തൽ.
എന്നാൽ ഏറ്റവും കൂടുതൽ പേർ ജനറൽ ക്ലാസ് കോച്ചുകളെ ആശ്രയിക്കുന്നതിനാൽ ആ നിരക്ക് പ്രാപ്യമായിരിക്കണമെന്ന് സമിതി അംഗീകരിച്ചു. വരുമാനം വർദ്ധിപ്പിക്കുന്നതിന് എസി കോച്ചുകളുടെ നിരക്ക് കൂട്ടാനാണ് ആലോചന. പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനച്ചെലവിന്റെ സമഗ്രമായ അവലോകനം നടത്താനും ടിക്കറ്റ് നിരക്കുകൾ താങ്ങാനാവുന്ന തരത്തിൽ ഈ ചെലവുകൾ യുക്തിസഹമാക്കാനും കമ്മിറ്റി ഇന്ത്യൻ റെയിൽവേയോട് ആവശ്യപ്പെട്ടിട്ടുണ്ട്.