
ന്യൂഡൽഹി: വിടപറഞ്ഞ ഉസ്‌താദ് സാക്കിർ ഹുസൈനെ മറക്കാൻ മലയാളികൾക്ക് കഴിയില്ല. കേരളത്തെയും അവിടത്തെ സംഗീതാസ്വാദകരെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തി കൂടിയാണ് സാക്കിർ ഹുസെെൻ. മലയാള ചലച്ചിത്ര രംഗത്ത് മോഹൻലാലിന്റെ കഥകളി വേഷത്തിലൂടെ ശ്രദ്ധനേടിയ ഷാജി എൻ കരുൺ ചിത്രം 'വാനപ്രസ്ഥ'ത്തിന് സംഗീത സംവിധാനം ചെയ്‌തത് ഉസ്‌താദാണ്. 1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സിൽ ഉദ്‌ഘാടന ചടങ്ങുകളുടെ സംഗീത സംവിധാനവും സാക്കിർ ഹുസൈനാണ് നിർവഹിച്ചത്.
ഏഴാം വയസിൽ അച്ഛൻ ഹിന്ദുസ്ഥാനി സംഗീത രംഗത്തെ തബലവാദകരിൽ അതികായനായ അല്ലാ രഖാ ഖാന്റെ നേരിട്ടുള്ള ശിക്ഷണത്തിലാണ് അദ്ദേഹത്തിന്റെ സംഗീത യാത്ര തുടങ്ങുന്നത്. ആദ്യകാലത്ത് അച്ഛന് പകരക്കാരനായി വേദികളിൽ തബല വായിച്ച അദ്ദേഹം 12-ാം വയസിൽ ഉസ്‌താദ് അലി അക്‌ബർ ഖാനുവേണ്ടിയാണ് സ്വതന്ത്രമായി തബല വായിച്ചത്.
ജനിച്ച രണ്ടാം ദിവസം താൻ സംഗീതലോകത്തെത്തിയെന്ന് സാക്കിർ ഹുസൈൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജനിച്ച രണ്ടാം നാൾ പിതാവ് അല്ലാ രഖാ ഖാൻ തന്റെ ചെവിയോട് ചേർന്ന് തബല വായിച്ചതായി അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഹുസെെന് തന്റെ ആദ്യ കച്ചേരികളിൽ ലഭിച്ചിരുന്നത് വെറും അഞ്ച് രൂപ മാത്രമായിരുന്നു. പിന്നീട് അദ്ദേഹത്തിന് ഒരു കച്ചേരിക്ക് അഞ്ച് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ കിട്ടാറുണ്ടെന്നാണ് റിപ്പോർട്ട്.
പ്രശസ്‌ത കഥക് നർത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താമസിച്ചിരുന്നത്. റിപ്പോർട്ട് പ്രകാരം മരിക്കുമ്പോൾ ഹുസെെന്റെ ആസ്തി ഏകദേശം 10 മില്യൺ യുഎസ് ഡോളർ (85 കോടി) ആയിരുന്നു. അമേരിക്കയിൽ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെയാണ് ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചത്. ഇടിയോപാതിക് പൾമണറി ഫെെബ്രോസിഡ് രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു.
സംഗീതലോകത്തെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് 1988ൽ പദ്‌മശ്രീയും 2002ൽ പദ്‌മഭൂഷണും 2023ൽ പദ്‌മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഏഴ് തവണ ഗ്രാമി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് നാല് തവണ ലഭിച്ചിട്ടുണ്ട്.