
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വിഗ്ഗി ഫുഡ് ഡെലിവറി തൊഴിലാളികൾ പണിമുടക്കിലേക്ക്. അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ച് അനിശ്ചിതകാലത്തേക്കാണ് സമരം. തിരുവനന്തപുരം പട്ടത്തെ ഇൻസ്‌റ്റാ മാർട്ടിന് മുമ്പിലാണ് തൊളിലാളികൾ സമരത്തിലുള്ളത്. വേതന വർദ്ധനവാണ് ഇവരുടെ ഏറ്റവും പ്രധാന ആവശ്യം. കഴിഞ്ഞ ആറ് വർഷമായി ശമ്പളത്തിൽ ഒരു രൂപ പോലും വർദ്ധിച്ചിട്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
''വളരെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ടു പോകുന്നത്. ഒരുവർഷം മുമ്പ് വരെ ദിവസം ഒമ്പത് മണിക്കൂർ ജോലി ചെയ‌്താൽ 1000 രൂപ കിട്ടുമായിരുന്നു. പെട്രോളിനും ചെലവിനുള്ളതും പോയിട്ട് 600 രൂപയോളം മിച്ചമുണ്ടാകുമായിരുന്നു. പക്ഷേ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയല്ല. 1000 രൂപ കിട്ടണമെങ്കിൽ 17 മണിക്കൂറോളം ജോലി ചെയ്യണം. അതിൽ തന്നെ പെട്രോളിനും ഭക്ഷണത്തിനും 500 രൂപയിൽ കൂടുതൽ ആകും. 10 മുതൽ 15 മണിക്കൂർ വരെ ഡോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇപ്പോൾ കിട്ടുന്ന ശമ്പളം 500 രൂപയാണ്. ''-തൊളിലാളികളിൽ ഒരാൾ പറയുന്നു.
സ്വിഗ്ഗി തൊഴിലാളികൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് സൊമാറ്റോ ഡെലിവറി തൊഴിലാളികളും രംഗത്തെത്തി. സാലറി സ്ളിപ്പ് പോലും നൽകാറില്ല. നിരവധി സ്ത്രീകളും ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്കൊന്നും തന്നെ പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യമോ, വിശ്രമിക്കാനുള്ള ഇടമോ, ഇൻഷുറൻസ് പരിരക്ഷയോ കമ്പനി ഒരുക്കുന്നില്ലെന്നും പരാതിയുണ്ട്.
ലേബർ കമ്മിഷണറെ നിരവധി തവണ സമീപിച്ചെങ്കിലും പ്രശ്നപരിഹാരമുണ്ടായിട്ടില്ല. ചർച്ചയ്‌ക്ക് വരാൻ പോലും സ്വിഗ്ഗിയുടേയോ സൊമാറ്റയുടേയോ മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു.