
ദോശ ഇഷ്ടമല്ലാത്ത മലയാളികൾ കുറവായിരിക്കും. പ്രഭാത ഭക്ഷണ വിഭവങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ദോശയും ചമ്മന്തിയും സാമ്പാറും. അരിയും ഉഴുന്നും കൃത്യമായ അളവിൽ തലേന്നുതന്നെ വെള്ളത്തിലിട്ട്, എഴെട്ടുമണിക്കൂർ കുതിർന്നതിന് ശേഷമാണ് ഇവ രണ്ടും അരച്ച് ദോശയ്ക്കായുള്ള മാവ് തയ്യാറാക്കുന്നത്. എന്നാൽ ഉഴുന്ന് അരയ്ക്കാതെ തന്നെ അരിമാത്രം അരച്ച് നല്ല പഞ്ഞിപോലെ മൃദുലമായ നാടൻ ദോശ ഉണ്ടാക്കാൻ സാധിച്ചാലോ? ഈ വേറിട്ട റെസിപ്പി പരീക്ഷിച്ചുനോക്കാം.
ആദ്യം രണ്ട് കപ്പ് പച്ചരി നന്നായി കഴുകിയെടുത്തതിനുശേഷം ഒരു സ്‌പൂൺ ഉലുവ കൂടി ചേർത്ത് വെള്ളമൊഴിച്ച് നാല് മണിക്കൂർ മാറ്റിവയ്ക്കണം. ഇനി ഒരു കപ്പ് അവൽ കുറച്ച് വെള്ളമൊഴിച്ച് കുതിരാൻ വയ്ക്കണം. അവലിന് പകരം ചോറും ഉപയോഗിക്കാവുന്നതാണ്. ഇനി ഒരു കപ്പ് തേങ്ങ ചിരകിയതും അരി, അവൽ അല്ലെങ്കിൽ ചോറ് കുതിർത്തതും ആവശ്യത്തിനും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കണം. ഇനി മാവ് പുളിച്ചുവരാൻ എട്ടുമണിക്കൂർ മാറ്റിവയ്ക്കണം. ശേഷം സാധാരണ ദോശ ഉണ്ടാക്കുന്നതുപോലെ നല്ല പഞ്ഞിപോലെ സോഫ്‌ടായ, സ്വാദിഷ്ടമായ ദോശ തയ്യാറാക്കാം. കോക്കനട്ട് ദോശ എന്നാണ് ഇതിനെ വിളിക്കുന്നത്. ചമ്മന്തി, സാമ്പാർ, ചിക്കൻ കറി എന്നിങ്ങനെ വിവിധ കറികൾക്കൊപ്പം ചൂടോടെ ദോശ കഴിക്കാം.