
കൊല്ലം സുധിയെയും കുടുംബത്തിന്റെ സാഹചര്യത്തെയും വിറ്റ് കാശാക്കുന്നുവെന്ന വിമർശനം നേരിടേണ്ടി വന്നയാളാണ് ലക്ഷ്മി നക്ഷത്ര. കൊല്ലം സുധിയുടെ മണം പെർഫ്യൂമാക്കി ലക്ഷ്മി കുടുംബത്തിന് സമ്മാനിച്ചിരുന്നു. ഈ സംഭവം വീഡിയോ ആക്കി യൂട്യൂബിൽ പങ്കുവച്ചിരുന്നു. ഇതൊക്കെയാണ് വിമർശനങ്ങൾക്ക് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് നടൻ സാജു നവോദയ അടക്കമുള്ളവർ പ്രതികരിച്ചിരുന്നു. ലക്ഷ്മിയെ വിമർശിച്ച് കൊണ്ടാണ് സാജു നവോദയയുടെ പ്രതികരണമുണ്ടായത്. ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര.
'നമ്മൾ എന്ത് നല്ലത് ചെയ്താലും അതിനെ മോശമായി പറയുന്ന കുറച്ച് പേരുണ്ടാകും. ഞാൻ അത്തരക്കാരെ നോക്കുന്നില്ല. എനിക്ക് അദ്ദേഹത്തിന്റെ വീട്ടുകാരെയും അദ്ദേഹത്തെയും എന്റെ വീട്ടുകാരെയും എന്റെ മനസാക്ഷിയെയും മാത്രം ഓർത്താൽ മതി. ഈ പറയുന്ന ആളുകളോ എതിര് നിന്നിട്ടുള്ള ആളുകളോ അല്ലെങ്കിൽ മോശം പറഞ്ഞവരോ അവർ എന്ത് ചെയ്‌തെന്ന് മാത്രം ആലോചിക്കുക.
എനിക്ക് അങ്ങനെ ചെയ്യാൻ പറ്റിയതിൽ ഒരുപാട് ആത്മസംതൃപ്തിയുണ്ട്. എത്രയോ ആളുകൾ എന്നെ കണ്ടിട്ട് സന്തോഷം പങ്കുവച്ചിട്ടുണ്ട്. ഈ പെർഫ്യൂം ഉണ്ടാക്കിയ കാര്യം തന്നെ പറയാം. ഒരിക്കൽ ഒരു ചേച്ചി അവരുടെ അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ എന്നോട് പറഞ്ഞു. ഒരു തോർത്ത് മാത്രമാണ് അച്ഛന്റേതായി ആ ചേച്ചിയുടെ കയ്യിലുള്ളത്. ആ തോർത്തുമായി അവർ യൂസഫ് ഭായിയുടെ അടുത്തേക്ക് പോകുകയാണെന്ന് പറഞ്ഞു.
യൂസഫ് ഭായിയെക്കുറിച്ച് രേണുവാണ് എന്നോട് പറയുന്നത്. ഞാൻ അവിടേക്ക് പോകുന്നതും രേണു പറഞ്ഞിട്ടാണ്. അവർ ഹാപ്പിയാണ്. ഞാനും ഹാപ്പി. എന്റെ വീട്ടുകാർക്ക് എന്നെ അറിയാം. അവരുടെ കുടുംബത്തിനും അറിയാം. അത്ര മാത്രം മതി. പിന്നെ സഹപ്രവർത്തകരുടെ പ്രതികരണം, ഞാൻ അവരെപ്പോലെ അല്ല. അതേക്കുറിച്ച് പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് എന്റെ ഒരു ഗ്രാറ്റിറ്റിയൂഡ്'- ലക്ഷ്മി പറഞ്ഞു.