ambadi

പത്തനംതിട്ട: റാന്നി മന്ദമരുതിയിൽ തർക്കത്തിനും അടിപിടിക്കും പിന്നാലെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. എറണാകുളത്ത് നിന്നാണ് പ്രതികളായ റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോയ് എന്നിവരെ പിടികൂടിയത്.

ബിവറേജസിന് മുന്നിലുണ്ടായ തർക്കത്തിനൊടുവിലാണ് ഗുണ്ടാ സംഘം ചെതോങ്കര സ്വദേശി അമ്പാടിയെ (24)​ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം വച്ചൂച്ചിറ റൂട്ടിൽ വാഹനം ഉപേക്ഷിച്ച പ്രതികൾ എറണാകുളത്തേക്ക് രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായിരിക്കുന്നത്.

കഴിഞ്ഞദിവസം രാത്രിയിൽ റാന്നിയിലെ ബിവറേജസ് ഔ‌ട്ട്‌ലെറ്റിന് മുന്നിലാണ് സംഘം ചേർന്ന് യുവാക്കൾ തർക്കത്തിലേർപ്പെട്ടത്. ഇത് പിന്നീട് അടിപിടിയിലേക്ക് വഴിമാറി. ഇതിനുപിന്നാലെയാണ് അമ്പാടിയെ വാഹനംകൊണ്ട് ഇടിപ്പിച്ച് കൊലപ്പെടുത്തിയത്.

ആദ്യ ഘട്ടത്തിലെ വിവരമനുസരിച്ച് ഇതൊരു അപകട മരണമാണെന്നായിരുന്നു കരുതിയത്. എന്നാൽ കൂടുതൽ അന്വേഷണത്തിനൊടുവിലാണ് ബിവറേജസിന് മുന്നിൽ വഴക്കുണ്ടായതായും ഇതിന്റെ തുടർച്ചയായി ചിലർ വണ്ടി ഇടിപ്പിച്ചതാണ് എന്നുമുള്ള ദൃക്‌സാക്ഷി മൊഴി പൊലീസിന് ലഭിക്കുന്നത്. ഇതോടെ കൊലപാതകത്തിന് കേസെടുത്തതായാണ് പൊലീസ് നൽകുന്ന വിവരം.

നടന്നത് ഗ്യാങ്‌വാറാണെന്നും ബിവറേജസിന്ന് മടങ്ങിപ്പോയ യുവാക്കൾ പിന്നീട് രണ്ട് കാറിലായി മന്ദമരുതിയിലേക്ക് മടങ്ങിയെത്തിയെന്നും പൊലീസ് പറയുന്നു. ഒരു കാറിൽ നിന്നും അമ്പാടി പുറത്തിറങ്ങിയതും രണ്ടാമത് ഗ്യാങ്ങിലുള്ളവർ കാറിൽ അതിവേഗം എത്തി അമ്പാടിയെ ഇടിച്ചിട്ടു. പിന്നെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ ശേഷം കടന്നുകളയുകയായിരുന്നു.