
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുപ്പ് വസ്‌ത്രത്തിന് വിലക്ക്. തിരുവനന്തപുരം ബിഷപ്പ് പെരേര സ്‌കൂളിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയിലാണ് വിലക്കേർപ്പെടുത്തി സ്‌കൂൾ അധികൃതർ സർക്കുലർ പുറത്തിറക്കിയത്. 18ന് നടക്കുന്ന സ്‌കൂൾ വാർഷികാഘോഷ പരിപാടിയിലാണ് ഗവർണർ പങ്കെടുക്കുന്നത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. സ്‌കൂളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പരിപാടിയിൽ പങ്കെടുക്കാൻ അവസരമുണ്ട്. എന്നാൽ രക്ഷിതാക്കൾ പരിപാടി നടക്കുന്ന ദിവസം കറുപ്പ് വസ്‌ത്രം ഒഴിവാക്കണമെന്ന് സർക്കുലറിൽ പറയുന്നു. സർക്കുലർ ഇതിനോടകം തന്നെ വിവാദമായിരിക്കുകയാണ്.
ഇതിനിടെ കറുപ്പ് വസ്ത്രങ്ങൾക്കുള്ള വിലക്കിൽ വിശദീകരണവുമായി ഗവർണറും രംഗത്തെത്തിയിട്ടുണ്ട്. സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം ഉണ്ടല്ലോ എന്നായിരുന്നു ഗവർണറുടെ പ്രതികരണം. പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ സുരക്ഷ മുൻനിർത്തിയാണ് സർക്കുലർ പുറത്തിറക്കിയതെന്നാണ് നിഗമനം.