
മലപ്പുറം: അവധി ലഭിക്കാത്തതിനെ തുടർന്ന് അരീക്കോട് സായുധ പൊലീസ് ക്യാമ്പിൽ ഉദ്യോഗസ്ഥൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വയനാട് സ്വദേശിയും എസ് ഒ ജി കമാൻഡോയുമായ വിനീതാണ് (36) മരിച്ചത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന സൂചന തരുന്ന വാട്സ്ആപ്പ് സന്ദേശങ്ങളും കണ്ടെത്തിയിട്ടുണ്ട്. വിനീത്, ബന്ധുവിന് അയച്ച സന്ദേശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് വിനീത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം കണ്ടവർ ഇയാളെ അരീക്കോട്ടെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിശീലനത്തിന്റെ ഭാഗമായുള്ള കായിക പരീക്ഷയിൽ വിനീത് പരാജയപ്പെട്ടിരുന്നു. ഇതിൽ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായാണ് വിനീതിന്റെ ആത്മഹത്യാക്കുറിപ്പിലും വാട്‌സ്ആപ്പ് സന്ദേശത്തിലും പറയുന്നത്. കൂടെ ജോലി ചെയ്യുന്നവർ ചതിച്ചതായും വിനീത് പറയുന്നുണ്ട്. ‘കൂടെ പണിയെടുത്ത് കൂടെയുള്ളവർക്ക് പണി കൊടുക്കുന്നവരുണ്ട്’ എന്നാണ് പൊലീസുകാരൻ സന്ദേശത്തിൽ ആരോപിക്കുന്നത്.
പരിശീലന ഓട്ടത്തിൽ പരാജയപ്പെട്ടതുകൊണ്ട് വിനീതിന് അവധി ലഭിച്ചില്ലെന്നാണ് വിവരം. ശാരീരിക പ്രശ്നങ്ങളുള്ളതിനാലാണ് നിശ്ചിത സമയത്ത് ഓടിയെത്താനാകാത്തതെന്നും, ട്രാക്ക് മാറിയെന്നും വിനീത് അവസാന സന്ദേശത്തിൽ പറയുന്നു. ഓട്ടത്തിനായുള്ള സമയം വർദ്ധിപ്പിക്കണമെന്നും എന്റെ ജീവൻ അതിനായി സമർപ്പിക്കുന്നു, ഗുഡ്ബൈ എന്നും ബന്ധുവിന് അയച്ച സന്ദേശത്തിൽ പറയുന്നുണ്ട്. തന്റെ സന്ദേശം പരിശീലന ചുമതലയുള്ള ഉദ്യോഗസ്ഥനെയും സഹപ്രവർത്തകരെയും കാണിക്കണമെന്നും വിനീത് ബന്ധുവിനോട് നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നു. വിനീതിന്റെ ഭാര്യ ഗർഭിണിയാണ്. ഇവരെ പരിചരിക്കാനായി അവധി ചോദിച്ചെങ്കിലും ലഭിക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നു വിനീതെന്നും സഹപ്രവർത്തകർ പറഞ്ഞു.
അതേസമയം, വിനീതിന്റെ മരണത്തിൽ പ്രതിഷേധം കടുക്കുകയാണ്. മേലുദ്യോഗസ്ഥരുടെ കൊടുംപീഡനം കാരണമാണ് വിനീത് ആത്മഹത്യ ചെയ്തതെന്ന് ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചു. മരണത്തിന് ഉത്തരവാദികളായവരുടെ പേര് ഉൾപ്പെടെ സന്ദേശത്തിലുണ്ട്. തീർച്ചയായും ഇതൊരു കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.