
വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവ് മാതനെ വലിച്ചിഴച്ച കാർ കണ്ടെത്തിയതായി പൊലീസ്. അതിക്രമം നടത്തിയ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വയനാട് കണിയാമ്പറ്റ സ്വദേശി ഹർഷിദും സുഹൃത്തുക്കളുമാണ് പ്രതികൾ. കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികളെ ഇന്നുതന്നെ അറസ്റ്റ് ചെയ്യുമെന്ന് മാനന്തവാടി പൊലീസ് അറിയിച്ചു. മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോൾ വാഹനമുള്ളത്. KL 52 H 8733 എന്ന സെലേരിയോ കാറിനായി പൊലീസ് നേരത്തേ അന്വേഷണം ഊർജിതമാക്കിയിരുന്നു.
മാനന്തവാടി കൂടൽകടവിലാണ് ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം ഉണ്ടായത്. വിനോദസഞ്ചാരികൾ മാതന്റെ കൈ കാറിൽ ചേർത്തുപിടിച്ച് അര കിലോമീറ്ററോളം വലിച്ചിഴയ്‌ക്കുകയായിരുന്നു. കൈയ്‌ക്കും കാലിനും ശരീരത്തിന്റെ പിൻഭാഗത്തും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്.
ചെക്ക് ഡാം കാണാനെത്തിയ യുവാക്കൾ കൂടൽ കടവിൽ വച്ച് മറ്റൊരു കാറിലെ യാത്രക്കാരുമായി വാക്കുതർക്കത്തിലായി. ഇതിൽ ഇടപെട്ട നാട്ടുകാർക്ക് നേരെയും ഇവർ അതിക്രമം കാട്ടി. പ്രദേശവാസിയായ ഒരു അദ്ധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാൻ തുടങ്ങിയപ്പോൾ മാതൻ തടഞ്ഞു. തുടർന്നാണ് മാതനെ ടാറിട്ട റോഡിലൂടെ വലിച്ചിഴച്ചത്. പിന്നാലെ വന്ന കാർ യാത്രക്കാർ ബഹളം വച്ചതോടെയാണ് മാതനെ വഴിയിൽ തള്ളിയത്.