
16-ാം വയസിൽ മാതാപിതാക്കൾക്കൊപ്പം കേരളത്തിലെത്തിയ ഒരു 22 കാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഇടുക്കി നെടുങ്കണ്ടത്ത് താമസിക്കുന്ന നേപ്പാളി സ്വദേശി അക്കൽ ടെെലയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ആറ് വർഷം മുൻപാണ് നേപ്പാളിൽ നിന്ന് കുടുംബത്തോടൊപ്പം അക്കൽ ഇടുക്കിയിലെത്തിയത്.
രണ്ട് വർഷം മുൻപ് മാതാപിതാക്കൾ തിരികെ നേപ്പാളിലേക്ക് മടങ്ങിയെങ്കിലും അക്കലും സഹോദരനും ഇടുക്കിയിൽ തന്നെ തുടർന്നു. പല പല ഹോട്ടലുകളിൽ ജോലി ചെയ്ത ശേഷം പൊറോട്ടയടിക്കാനും അക്കൽ പഠിച്ചു. ഈ സമയത്താണ് അക്കലിനെ കണ്ട ചിലർ മോഡലിംഗ് രംഗത്തേക്ക് കടക്കാൻ അവനെ പ്രേരിപ്പിക്കുന്നത്. ആദ്യം കൗതുകമായിരുന്നുവെങ്കിലും ഇപ്പോൾ റാംപുകളിലെ മിന്നും താരമാണ് അക്കൽ ടെെല. മനോഹരമായി മലയാളം സംസാരിക്കുന്ന ഈ 22 കാരൻ ഇടുക്കിക്കാരുടെ അശോകനാണ്.

ഹോട്ടൽ ജോലിക്കിടെ സമയം കണ്ടെത്തി മോഡലിംഗ് രംഗത്തേക്ക് ഇറങ്ങി. ഫോട്ടോ ഷൂട്ടുകൾ ചെയ്തു. അടുത്തിടെ എറണാകുളത്ത് നടന്ന ഫാഷൻ മത്സരത്തിൽ മിസ്റ്റർ കോൺഫിഡന്റ് ഐക്കൺ 2024 ആയി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ജീവിത യാത്രയെക്കുറിച്ച് കേരള കൗമുദി ഓൺലെെനിനോട് മനസ് തുറക്കുകയാണ് അക്കൽ.
2024 നല്ല കാലം
2024ലാണ് ഞാൻ കൂടുതലായി മോഡലിംഗ് രംഗത്തേക്ക് ഇറങ്ങുന്നത്. എനിക്ക് വലിയ വരവേൽപ്പാണ് മലയാളികൾ തന്നത്. മിസ്റ്റർ കോൺഫിഡന്റ് ഐക്കൺ ആയതിന് പിന്നാലെ പല മാദ്ധ്യമങ്ങളും എന്റെ സ്റ്റോറി കവർ ചെയ്തു. അതിലൂടെ കൂടുതൽ പേർക്ക് എന്നെ മനസിലായി തുടങ്ങി. ഇപ്പോൾ നിരവധി പേർ ഫോട്ടോഷൂട്ടിനായി സമീപിക്കുന്നു. പുറത്തേക്ക് ഇറങ്ങിയാൽ പലരും വന്ന് സംസാരിക്കാറുണ്ട്. നിരവധി പേരാണ് മോഡലിംഗിനെക്കുറിച്ച് ചോദിച്ച് സോഷ്യൽ മീഡിയയിൽ സന്ദേശം അയക്കുന്നത്. എന്നെ കൊണ്ട് പറ്റുന്നത് പോലെ അവരെ ഞാൻ സഹായിക്കും.

മോഡലിംഗിനെക്കുറിച്ച് ആലോചിച്ചിട്ടില്ല
കേരളത്തിൽ വരുമ്പോൾ മോഡലിംഗ് എന്ന സ്വപ്നം ഇല്ലായിരുന്നു. പക്ഷേ കേരളത്തിൽ വന്ന ശേഷം ഒരുപാട് പേർ എന്നോട് മോഡലിംഗ് രംഗത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടു. എന്റെ ലുക്കിന് അത് ചേരുമെന്നാണ് അവർ പറഞ്ഞത്. അങ്ങനെ 2023 മുതലാണ് ഞാൻ മോഡലിംഗിനെക്കുറിച്ച് കൂടുതൽ തിരഞ്ഞ് പഠിക്കുന്നത്. പിന്നെ ഞാൻ കൂടുതൽ ഫിറ്റ്നസും ലുക്കും ശ്രദ്ധിക്കാൻ തുടങ്ങി. ചെയ്തു തുടങ്ങിയപ്പോൾ എനിക്ക് ഈ മേഖല ഇഷ്ടപ്പെട്ടു. 2024 മുതലാണ് ഞാൻ ഷോ ചെയ്യാൻ തുടങ്ങിയത്.
ഇപ്പോൾ ജോലി ഇല്ല
ഇടുക്കിയിലെ ഒരു ഹോട്ടലിൽ പൊറോട്ട മാസ്റ്ററായി ജോലി ചെയ്തിരുന്നു. അവിടത്തെ ഹോട്ടൽ ഉടമയും നാട്ടുകാരും നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്. പക്ഷേ ഞാൻ മോഡലിംഗ് ഷൂട്ടിന് പോകുമ്പോൾ കട അടച്ചിടേണ്ടി വരുന്നു. അതിനാൽ ഞാൻ തന്നെയാണ് ജോലി വേണ്ടെന്ന് വച്ചത്. പൂർണമായും ഇപ്പോൾ മോഡലിംഗ് രംഗത്തേക്ക് ഇറങ്ങി. എന്റെ സഹോദരൻ കേരളത്തിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹമാണ് എന്നെ ഇപ്പോൾ കൂടുതൽ സഹായിക്കുന്നത്. വരുന്ന ഷൂട്ടുകൾ ഞാൻ ചെയ്യും. മറ്റ് റാംപുകളിൽ നടക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടില്ല. ഞാൻ ഒരു കമ്പനിയുടെയും കീഴിൽ അല്ല മോഡലിംഗ് ചെയ്യുന്നത്. അതിനാൽ അവസരങ്ങൾ വളരെ കുറവാണ്. എനിക്ക് സ്പോൺസറും ഇല്ല.

ഇതും എന്റെ നാട്
നേപ്പാൾ പോലെ, കേരളവും എനിക്ക് ഇപ്പോൾ എന്റെ നാട് പോലെയാണ്. കേരളത്തിൽ നിൽക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കേരളത്തിലെ കാലാവസ്ഥ അനുയോജ്യമാണ്. ഇവിടെ തന്നെ തുടരുമോയെന്ന് പറയാൻ കഴിയില്ല. എനിക്ക് നടൻ ആവണമെന്നാണ് ആഗ്രഹം. മോഡലിംഗ് ഒരു പാഷനായി കൊണ്ട് നടക്കുന്ന ആളാണ് ഞാൻ. സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കുറച്ച് ഓഡിഷന് ഫോട്ടോകൾ അയച്ചിരുന്നു. ഇതുവരെ സിനിമയിൽ നിന്ന് ഓഫർ ഒന്നും വന്നില്ല.
കേരളം നിരവധി അവസരങ്ങൾ എനിക്ക് തന്നു. അതിൽ ഞാൻ വളരെ സന്തോഷവാനാണ്. കുടുംബത്തിൽ ഈ മേഖലയിൽ ആരുമില്ല. അതിനാൽ അവർക്ക് ഇതിനെക്കുറിച്ച് വലിയ അറിവൊന്നും ഇല്ലായിരുന്നു. ആദ്യം എതിർത്തിരുന്നുവെങ്കിലും ഇപ്പോൾ എന്നെ സപ്പോർട്ട് ചെയ്യുന്നുണ്ട്.
എന്റെ റോൾ മോഡൽ ഞാൻ
ഒരാളെയും റോൾമോഡൽ ആക്കിയിട്ടില്ല. അങ്ങനെ നോക്കിയാൽ ജീവിതത്തിൽ വിജയം നേടാൻ വലിയ പാടാണ്. നമുടേതായ വഴിയിൽ വിജയം കണ്ടെത്തണം. അതാണ് എനിക്ക് പറയാനുള്ളത്. ആളുകൾ വ്യത്യസ്തരാണ്. എന്നെ ഇത്രയും വരെ എത്തിച്ചത് അവരാണ്. ഇനിയും അവരുടെ സപ്പോർട്ട് കാണുമെന്ന് എനിക്ക് ഉറപ്പാണ്.