deficit

കയറ്റുമതി കുറയുന്നു, ഇറക്കുമതി കുതിക്കുന്നു

കൊച്ചി: ആഗോള സാമ്പത്തിക മാന്ദ്യവും സ്വർണ ഇറക്കുമതിയിലെ കുതിപ്പും ഇന്ത്യയുടെ വ്യാപാര കമ്മി അപകടകരമായ ഉയരങ്ങളിലേക്ക് നയിക്കുന്നു. നവംബറിൽ അപ്രതീക്ഷിതമായി വ്യാപാര കമ്മി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 3,784 കോടി ഡോളറിലെത്തിയതാണ് വെല്ലുവിളിയാകുന്നത്. കഴിഞ്ഞ വർഷം ഇതേകാലയളവിനേക്കാൾ 77.5 ശതമാനം വർദ്ധനയാണുണ്ടായത്. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസമായ വ്യാപാര കമ്മി ഒക്‌ടോബറിൽ 2,714 കോടി ഡോളറായിരുന്നു.

നവംബറിൽ ഉത്‌പന്ന കയറ്റുമതി 4.83 ശതമാനം കുറഞ്ഞ് 3,211 കോടി ഡോളറായി. ഇറക്കുമതി 27 ശതമാനം വർദ്ധനയോടെ 6,695 കോടി ഡോളറിലെത്തി റെക്കാഡിട്ടു. ഒക്ടോബറിൽ 3,920 കോടി ഡോളറിന്റെ കയറ്റുമതിയും 6,634 കോടി ഡോളറിന്റെ ഇറക്കുമതിയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് മാസത്തിനിടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി മൂന്നാം തവണയാണ് റെക്കാഡ് പുതുക്കി മുകളിലേക്ക് നീങ്ങുന്നത്.

അപ്രതീക്ഷിതമായി രാജ്യാന്തര വിപണിയിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുത്തനെ കുറഞ്ഞതാണ് കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചതെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി സുനിൽ ബാത്ര്‌വാൾ പറഞ്ഞു.സേവനങ്ങൾ ഉൾപ്പെടെ മൊത്തം കയറ്റുമതി 6,779 കോടി ഡോളറിലാണ്.

കയറ്റുമതി 4.83 ശതമാനം കുറഞ്ഞ് 3,211 കോടി ഡോളറായി

ഇറക്കുമതി 27 ശതമാനം വർദ്ധനയോടെ 6,634 കോടി ഡോളറിലെത്തി

വ്യാപാര കമ്മിയിലെ വർദ്ധന രൂപയ്ക്ക് വിനയാകും

സ്വർണ ഇറക്കുമതിയിൽ ചരിത്ര മുന്നേറ്റം

ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി അസാധാരണമായി ഉയരുന്നു. നവംബറിൽ സ്വർണ ഇറക്കുമതി 1,480 കോടി ഡോളറിലെത്തി റെക്കാഡിട്ടു. കഴിഞ്ഞ ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ എക്‌സൈസ് തീരുവ 15 ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി കുറച്ചതോടെയാണ് സ്വർണ ഇറക്കുമതി കുത്തനെ കൂടുന്നത്. കള്ളക്കടത്ത് ഒഴിവാക്കി നിയമപരമായ മാർഗങ്ങളിലൂടെ സ്വർണം ഇറക്കുമതി വർദ്ധിപ്പിച്ചതാണ് വ്യാപാര കമ്മി ഉയർത്തുന്നത്.

രൂപയും റെക്കാഡ് താഴ്ചയിൽ

ചൈനീസ് യുവാന്റെ മൂല്യത്തകർച്ചയും അമേരിക്കൻ ബാേണ്ട് വരുമാനത്തിലെ വർദ്ധനയും ഇന്ത്യൻ രൂപയ്ക്ക് ഇന്നലെയും തിരിച്ചടി സൃഷ്‌ടിച്ചു. അമേരിക്കൻ ഡോളറിനെതിരെ രൂപ ഇന്നലെ റെക്കാഡ് താഴ്ചയായ 84.86ലാണ് വ്യാപാരം അവസാനിപ്പിച്ചത്.