
ദുബായ്: ഖോർഫക്കാനിൽ ഞായറാഴ്ച നിർമാണത്തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒമ്പത് പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഷാർജ പൊലീസ് അറിയിച്ചു. അപകടത്തിൽ മരണപ്പെട്ട എല്ലാവരും ഇന്ത്യക്കാരായ നിർമ്മാണ തൊഴിലാളികളാണ്. എല്ലാവരും അജ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലെ നിർമ്മാണ തൊഴിലാളികളാണെന്ന് കെഎംസിസി ഭാരവാഹി സലീം ഖലീജ് ടൈംസിനോട് പറഞ്ഞു.
അവധി ദിനത്തിൽ കമ്പനി ആസ്ഥാനം സന്ദർശിക്കുന്നതിന് വേണ്ടിയുള്ള യാത്രയ്ക്കിടെയാണ് അപകടം. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ തൊഴിലാളികളെ ഖോർഫക്കാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവരുടെ മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. എഴുപതോളം തൊഴിലാളികളാണ് ബസിൽ ഉണ്ടായിരുന്നത്. വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണം.
ഖോർഫക്കാനിലെ വാദി വിഷി സ്‌ക്വയറിലാണ് അപകടമുണ്ടായത്. ചിലർക്ക് നിസാരപരിക്കുകളാണ്. ചിലർക്ക് ഗുരുതരമായ പരിക്കുണ്ടെന്ന് കിഴക്കൻ മേഖലാ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ അലി അൽ ഹമൂദി പറഞ്ഞു. ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് ഷാർജ പൊലീസിനെ ആശ്രയിക്കുക.