a

ന്യൂഡൽഹി: എഡ്വിന മൗണ്ട് ബാറ്റൺ, ആൽബട്ട് ഐൻസ്റ്റീൻ എന്നിവ‌ർക്കുൾപ്പെടെ ജവർഹർലാൽ നെഹ്റു എഴുതിയ കത്തുകൾ തിരികെ നൽകണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് കേന്ദ്രം. പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറിയാണ് (പി.എം.എം.എൽ) ആവശ്യപ്പെട്ടത്. 2008ൽ സോണിയ ഗാന്ധിയുടെ ആവശ്യപ്രകാരമാണ് കത്തുകൾ സ്വകാര്യമായി സൂക്ഷിക്കാൻ നൽകിയത്. പല തവണ സോണിയയെ സമീപിച്ചിരുന്നു. എന്നാൽ പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്നാണ് രാഹുലിനെ സമീപിച്ചതെന്ന് പി.എം.എം.എൽ അംഗം റിസ്വാൻ കദ്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ചരിത്രപ്രാധാന്യമുള്ള ഇവ ഗവേഷകർക്കും ചരിത്രകാരന്മാർക്കും ഗുണം ചെയ്യുമെന്നതിനാൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നാണ് ആവശ്യം.

1971ലാണ് നെഹ്റു മെമ്മോറിയൽ ഫണ്ട് നെഹ്റുവിന്റെ കത്ത് ഉൾപ്പെടെയുള്ള സ്വകാര്യ വസ്തുക്കൾ പി.എം.എം.എലിന് കൈമാറിയത്. പദ്മജ നായിഡു, വിജയലക്ഷ്മി പണ്ഡിറ്റ്, അരുണ അസഫ് അലി, ബാബു ജഗ്ജീവൻ റാം, ജയപ്രകാശ് നാരായണൻ തുടങ്ങിയവർക്കെഴുതിയ കത്തുകളും ഇവയിലുണ്ട്.