v

ചെന്നൈ: ചെസിലെ പുതിയ ചാമ്പ്യന് ജന്മനാട്ടിൽ രാജകീയ സ്വീകരണം. സിംഗപ്പൂർ വേദായായ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചൈനീസ് ഗ്രാൻഡ് മാസ്റ്റർ ഡിംഗ് ലിറനെ കീഴടക്കി ചാമ്പ്യനായ ദൊമ്മരാജു ഗുകേഷിന് ഇന്നലെ ചെന്നൈ എയർപോർട്ടിൽ തമിഴ്‌നാട് സ്പോർട്‌സ് ഡെവലപ്മെ‌ന്റ് അതോറിട്ടിയുടേയും (എസ്.ഡി.എ.റ്റി) വേലമ്മാൾ സ്കൂൾ അധികൃതരുടേയും നേതൃത്വത്തിലാണ് ഗംഭീര സ്വീകരണം നൽകിയത്. തമിഴ്‌നാട് സർക്കാർ പ്രതിനിധികളും സന്നിഹിതരായിരുന്നു. സായ് റീജണൽ ഡയറക്‌ടറും കാര്യവട്ടം എൽ.എൻ.സി.പി.ഇ പ്രിൻസിപ്പാളുമായ ജി. കിഷോറുൾപ്പെടെയുള്ലവർ സ്വീകരണത്തിന് നേതൃത്വം നൽകി.

പുറത്തേക്ക് വന്ന ഗുകേഷിനെ ആർപ്പുവിളികളോടെ പുഷ്പവൃഷ്ടിയോടെയാണ് ജനക്കൂട്ടം വരവേറ്റത്. ദേശീയ പതാക പുതച്ച് ലോകചാമ്പ്യന് ലഭിച്ച ട്രോഫിയും പിടിച്ചാണ് ഗുകേഷ് വന്നത്.

എസ്.ഡി.റ്റിഎയിലേയും വേലമ്മാളിലേയും കുട്ടികൾ ഗുകേഷിന്റെ ചിത്രമുള്ള പോസ്റ്ററുകളും കൈയിൽ കരുതിയിട്ടുണ്ടായിരുന്നു. പിതാവ് രജനീകാന്തും അമ്മ പത്മകുമാരിയും ഗുകേഷിനൊപ്പമുണ്ടായിരുന്നു. ഗുകേഷിന്റെയും ചെസ് കളങ്ങളുടേയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെയും ഉപമുഖ്യമന്ത്രി ഉദയനിധിയുടേയും ചിത്രങ്ങൾ ആലേഖനം ചെയ്‌ത് എസ്.ഡി.റ്റി.എ പ്രത്യേകം ഒരുക്കിയ കാറിലാണ് ലോകചാമ്പ്യനും കുടുംബവും എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് പോയത്.

ഗുകേഷിന് ഇന്ന് തമിഴ്നാട് സർക്കാരിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുമെന്നാണ് വിവരം. തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച 5 കോടി രൂപ മുഖ്യമന്ത്രി സ്റ്റാലിൻ ചടങ്ങിൽ വച്ച് കൈമാറുമെന്നാണ് വിവരം.

സിംഗപ്പൂരിലെ വേൾഡ് സെന്റോസ റിസോർട്ട് വേൾഡിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യനെന്ന പകിട്ടുമായെത്തിയ ലിറനെതിരെ നിർണായകമായ 14-ാം ഗെയിമിൽ ജയം നേടിയാണ് 18കാരനായ ഗുകേഷ് ചെസിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായത്.

വളരെ സന്തോഷം. രാജ്യത്തിന് ഈ വിജയം എത്രത്തോളം പ്രാധന്യമേറിയതാണെന്ന് ഈ സ്വീകരണത്തിലൂടെ മനസിലാകുന്നു.ഇത്രയും മനോഹരമായ സ്വീകരണത്തിന് ഒരുപാട് നന്ദി.

ഗുകേഷ്