
ഫെബ്രുവരിയിൽ നടന്ന 66 -ാമത് ഗ്രാമിയിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി മൂന്ന് പുരസ്കാരങ്ങൾ സാക്കിർ സ്വന്തമാക്കിയിരുന്നു. നാല് നോമിനേഷനുകളാണ് അദ്ദേഹം നേടിയത്. മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള ഗ്രാമി സാക്കിർ ഹുസൈന്റെ ഫ്യൂഷൻ ബാൻഡായ 'ശക്തി'യുടെ ' ദിസ് മൊമന്റി 'നായിരുന്നു. സാക്കിർ, ജോൺ മക്‌ലോക്ലിൻ, ഗായകൻ ശങ്കർ മഹാദേവൻ, വി. സെൽവ ഗണേഷ്, ഗണേഷ് രാജഗോപാലൻ എന്നിവർ ചേർന്ന് ചിട്ടപ്പെടുത്തിയ എട്ട് ഗാനങ്ങളാണ് 2023 ജൂണിൽ പുറത്തിറങ്ങിയ 'ദിസ് മൊമന്റി'ലുള്ളത്.
സാക്കിർ, ഇംഗ്ലീഷ് ഗിറ്റാറിസ്റ്റായ ജോൺ മക്‌ലോക്ലിൻ, വയലിനിസ്റ്റ് എൽ. ശങ്കർ, ഘടം വിദ്വാൻ ടി.എച്ച്. വിനായക് റാം എന്നിവരോടൊപ്പം ചേർന്ന് 1973ലാണ് ശക്തി സ്ഥാപിച്ചത്. 2020ൽ മക്‌ലോക്ലിൻ ബാൻഡിനെ പരിഷ്കരിച്ചു. 46 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ബാൻഡിന്റെ ആദ്യ ആൽബമായിരുന്നു ദിസ് മൊമന്റ്.
മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസ്, മികച്ച മികച്ച കൺടെംപററി ഇൻസ്ട്രുമെന്റൽ ആൽബം ഗ്രാമികളാണ് സാക്കിറിനെ തേടിയെത്തിയ മറ്റുള്ളവ. സാക്കിർ, രാകേഷ് ചൗരസ്യ, ബെല ഫ്ലെക്ക്, എഡ്ഗർ മേയർ എന്നിവർ ഒരുക്കിയ 'പാഷ്‌തോ' എന്ന ഗാനം മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസായപ്പോൾ, ഗാനം ഉൾക്കൊള്ളുന്ന ' ആസ് വി സ്പീക്ക്' മികച്ച മികച്ച കൺടെംപററി ഇൻസ്ട്രുമെന്റൽ ആൽബമായി മാറി. ബാംസുരി, ഇന്ത്യൻ ബാംബു ഫ്ലൂട്ട് എന്നിവയിലൂടെ വിസ്മയം സൃഷ്ടിക്കുന്ന രാകേഷ് ചൗരസ്യ സാക്കിറിന്റെ അടുത്ത സുഹൃത്താണ്.