meat

കോഴിക്കോട്: ക്രിസ്മസിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ വിപണിയില്‍ വില റെക്കോഡിലേക്ക് കടക്കുകയാണ്. ഉത്സവ സീസണില്‍ ഏറ്റവും അധികം ആളുകള്‍ വാങ്ങുന്നത് കോഴി ഇറച്ചിയാണ്. സീസണായതോടെ ലഗോണ്‍ കോഴിയിറച്ചിയുടെ (മുട്ടക്കോഴി) വില സര്‍വകാല റെക്കോഡിലേക്ക് കടന്നിരിക്കുകയാണ്. ഒരു കിലോയ്ക്ക് വില 230 രൂപ മുതല്‍ 250 രൂപ വരെയാണ്. മാര്‍ക്കറ്റില്‍ മുട്ടയുടെ വില ഏഴ് രൂപയായി കൂടിയിട്ടുണ്ട്. നാമക്കല്ലില്‍ നിന്നുള്ള മുട്ട കയറ്റുമതി കുറഞ്ഞതും മുട്ടവില ഉയരാന്‍ കാരണമായി.

സാധാരണ ഗതിയില്‍ ബ്രോയിലര്‍ കോഴിയിറച്ചിയേക്കാള്‍ വില കുറവാണ് ലഗോണ്‍ കോഴികളുടെ ഇറച്ചിക്ക്. എന്നാല്‍ 150 രൂപയില്‍ താഴെ മാത്രമാണ് ബ്രോയിലര്‍ കോഴിയുടെ വിലയെന്നിരിക്കെ ലഗോണിന് വില കൂടിയത് കച്ചവടക്കാരെപ്പോലും ഞെട്ടിക്കുകയാണ്. ഹോട്ടലുകളും, കാറ്ററിംഗ് സര്‍വീസുകാരും ഒപ്പം കല്യാണ പാര്‍ട്ടികളേയും ഇത് കാര്യമായി ബാധിച്ചുകഴിഞ്ഞു. സമീപകാലത്തൊന്നും ലഗോണിന് ഇത്രയും വില വര്‍ദ്ധിച്ചിട്ടില്ലെന്നും ഇത് റെക്കോഡാണെന്നും വ്യാപാരികള്‍ പറഞ്ഞു. ലഗോണ്‍ ഇറച്ചിക്കും മുട്ടക്കും വില ഇനിയും വര്‍ദ്ധിക്കാനാണ് സാദ്ധ്യതയെന്നും വ്യാപാരികള്‍ പറയുന്നു.

വില കൂടിയ സാഹചര്യത്തില്‍ കാറ്ററിംഗ് സര്‍വീസുകാര്‍ ബിരിയാണിക്കും ചിക്കന്‍ വിഭവങ്ങള്‍ക്കും കൂടുതല്‍ തുക ഇൗടാക്കാനും തുടങ്ങിയിരിക്കുകയാണ്. വില വളരെ കൂടുതലായതിനാല്‍ ബിരിയാണിക്കും മറ്റ് വിഭവങ്ങള്‍ക്കും ലഗോണ്‍ ഒഴിവാക്കി പകരം ബ്രോയിലര്‍ കോഴിയിറച്ചി ഉപയോഗിക്കാനും തുടങ്ങിയിരിക്കുകയാണ് പല കാറ്ററിംഗ് സര്‍വീസുകാരും. ലഗോണ്‍ ഉത്പാദനം കുറച്ചതും തമിഴ്‌നാട്ടിലെ ഫാമുകളില്‍നിന്ന് ഇറച്ചിക്കോഴികളെ ലഭിക്കുന്നതില്‍ വന്ന കുറവും വില വര്‍ദ്ധനയ്ക്ക് കാരണമായി.

കേരളത്തിലെ ഫാമുകളില്‍ കൂടുതലായും ഉത്പാദിപ്പിക്കുന്നത് ബ്രോയിലര്‍ കോഴികളേയാണ്. ലഗോണ്‍ കോഴികള്‍ എത്തുന്നത് തമിഴ്‌നാട്ടിലാണ്. കനത്ത മഴയും വ്യാപക നാശനഷ്ടവും തമിഴ്‌നാട്ടിലെ കര്‍ഷകരെയും ഫാം നടത്തിപ്പുകാരേയും ബാധിച്ചതും ലഗോണിന് വില വര്‍ദ്ധിക്കുന്നതിന് കാരണമായി.