
റദ്ദാക്കിയ, വൈദ്യുതി ദീർഘകാല കരാറുകൾ ചിലർ സൂചിപ്പിക്കുന്നതുപോല അടിമുടി ലാഭകരമാണോ? സ്ഥിര നിരക്കുകൾ കമ്പനികൾ രണ്ടാമതു വർദ്ധിപ്പിച്ചു നേടിയ കരാർ മൂലം പൊതു മേഖലാ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള സ്റ്റേറ്റ് പൂളിൽ കെ.എസ്.ഇ.ബി ഇക്കാലത്തു നടത്തിയ സറണ്ടർ എത്രയാണ്? ചില കണക്കുകൾ മാത്രം നൽകാം. കരാറുകൾ ലാഭകരമെന്നു കാട്ടി, നിലനിറുത്താനായി പ്രതിവർഷം ആയിരക്കണക്കിന് കോടി രൂപയിലധികം വിലയുള്ള വൈദ്യുതി സ്വകാര്യ കമ്പനികളിൽ നിന്നു വാങ്ങി കൂടുതൽ വില നൽകിയപ്പോൾ കേന്ദ്ര പൊതുമേഖലാ ഉത്പാദന കേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്ന വൈദ്യുതി വലിയ അളവിൽ സറണ്ടർ ചെയ്തുണ്ടായ നഷ്ടത്തിന്റെ കണക്കും അക്കൗണ്ടിൽ വരണമല്ലോ.
പട്ടിക
.............
 വർഷം,
 കേന്ദ്ര ജനറേറ്റിംഗ് സ്റ്റേഷനുകൾ സറണ്ടർ ചെയ്ത വൈദ്യുതി (ദശലക്ഷം യൂണിറ്റിൽ)- എസ്.എൽ.ഡി.സി വെബ് സൈറ്റിലെ വിവരപ്രകാരം
 സറണ്ടർ ചെയ്ത വൈദ്യുതി ദശലക്ഷം യൂണിറ്റിൽ- കെ.എസ്.ഇ.ആർ.സി ട്രൂയിംഗ്അപ് ഓർഡറിൽ നിന്ന്
2017- 18 128.0 മില്യൺ യൂണിറ്റ്
2018- 19 575.8
2019- 20 822.5
2020- 21 1863.0, 1890.14
2021- 22 2109.8, 2907.29
2022- 23 1198.8, 1345.63
2023- 24 147.6, 167.43 (ട്രൂയിംഗ്അപ് പെറ്റിഷൻ)
റെഗുലേറ്ററി കമ്മിഷന്റെ 2020-21, 2021-22, 2022- 23 ട്രൂയിംഗ്അപ് ഉത്തരവു പ്രകാരം ഏറ്റവും കൂടുതൽ ഉപഭോഗം നടന്ന ഈ മൂന്നു വർഷങ്ങൾ മാത്രം ഉത്പാദകർ ലഭ്യമാക്കിയ ആകെ വൈദ്യുതിയിൽ 6143 ദശലക്ഷം യൂണിറ്റിലധികം വൈദ്യുതി കെ.എസ്.ഇ.ബിക്ക് വേണ്ടെന്നു വയ്‌ക്കേണ്ടിവന്നു! അതുമൂലമുണ്ടായ അധിക സാമ്പത്തിക ബാദ്ധ്യത കണക്കാക്കി വേണ്ടേ നഷ്ടവും ആത്യന്തിക ലാഭവും തീരുമാനിക്കാൻ? വാങ്ങാതിരുന്ന വൈദ്യുതിയുടെ വില മാത്രമല്ലല്ലോ നിർണായക ഘടകം?
ഇതിനു പുറമേ, സ്വകാര്യ ഉത്പാദകരുമായി ഏർപ്പെട്ട ദീർഘകാല കരാറിന്റെ (ഡി.ബി.എഫ്.ഒ.ഒ) ആവശ്യകത പെരുപ്പിച്ചു കാണിക്കാനായി ഈ വൈദ്യുതി പൂർണമായും ഉപയോഗിക്കാൻ നിർബന്ധിക്കപ്പെട്ടതിന്റെ ഫലമായി സ്വന്തം ജലവൈദ്യുതി പദ്ധതികൾ ജല ലഭ്യതയ്ക്കനുസരിച്ച് പ്രവർത്തിപ്പിക്കാനാവാതെ ജലവർഷത്തിന്റെ അവസാന ദിനമായ മേയ് 31- ന് റിസർവോയറുകളിൽ 'റൂൾ കർവ്" പ്രകാരം അംഗീകരിക്കപ്പെട്ടതിലും അധികം ജലം നിലനിറുത്തേണ്ട സാഹചര്യവും വന്നു ചേർന്നു!
ഇങ്ങനെ ആയിരക്കണക്കിന് കോടി രൂപയുടെ അധികബാദ്ധ്യത ഏറ്റെടുക്കുന്നതിനു പകരം, ഹ്രസ്വകാല കരാറുകളിലൂടെയും ഇലക്ട്രിസിറ്റി എക്സ്‌ചേഞ്ച് വഴി, ആവശ്യകതയ്ക്ക് അനുസരിച്ചു മാത്രം നിയമാനുസൃതമായി വൈദ്യുതി വാങ്ങിയും മറ്റും വൈദ്യുതി ബോർഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിലാണ് നേട്ടമിരിക്കുന്നത്. അതിനൊപ്പം, കേരളത്തിന്റെ വൈദ്യുതി ആവശ്യകതയെ സമയാധിഷ്ഠിതമായും കാലനുസൃതമായും കൂടുതൽ ആഴത്തിലും വ്യാപ്തിയിലും കഴിവുള്ള അക്കൗണ്ടിംഗിനെ ആശ്രയിച്ചും പഠിച്ച്, കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി ഉൾപ്പെടെയുള്ള ഏജൻസികളുടെ സഹായത്തോടെ കൃത്യമായ പ്രവചന മോഡലുകൾ രൂപപ്പെടുത്തിയ ശേഷം, ആവശ്യകതയ്ക്ക് അനുസരിച്ച് കേന്ദ്ര സർക്കാർ അനുവദിക്കുന്ന വിലകുറഞ്ഞ കൽക്കരി ഉപയോഗപ്പെടുത്തി വീണ്ടും ടെണ്ടർ ചെയ്ത് കരാറിൽ ഏർപ്പെടുന്നതിൽ എന്താണ് വൈദ്യുതി ബോർഡിന് തടസമെന്ന് മനസിലാവുന്നില്ല.
വൈദ്യുതി ബോർഡിന്റെ പ്രവർത്തനത്തെയോ നിലനിൽപ്പിനെയോ ആപത്തിലാക്കുന്നതൊന്നും ഈ കരാറിന്റെ നിലനിൽപ്പിലോ റദ്ദുചെയ്യലിലോ ഇല്ല എന്നതാണ് സത്യം. നിലവിലെ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടാൽ യൂണിറ്റിന്റെ ശരാശരി ചെലവും ശരാശരി വരവും തമ്മിലുള്ള അനുപാതം വലിയ തകരാറില്ലാതെ കൊണ്ടുപോകാനാകും. എന്നാൽ വലിയ പ്രവർത്തന നഷ്ടവും, ആവശ്യത്തിലധികം ജീവനക്കാരെ നിലനിറുത്താൻ വേണ്ടിവരുന്ന അധികച്ചെലവും, സാങ്കേതികവിദ്യാ മാറ്റത്തിനെതിരെയുള്ള യൂണിയനുകളുടെ നിരന്തര തടസങ്ങളും, പ്രെഫഫഷണലിസത്തിന്റെ പോരായ്മയും കെ.എസ്.ഇ.ബിയുടെ പ്രവർത്തനകാര്യക്ഷമത കൂട്ടുന്നതിൽ തുടരെയുള്ള തടസമാണ്. ഇക്കാര്യങ്ങൾ ദീർഘമായി പരിഗണിക്കേണ്ട വ്യത്യസ്ത വിഷയങ്ങളാണ്. നഷ്ടം മാത്രമുണ്ടാക്കുന്ന
'തകരാർ കരാറു"കളല്ല വൈദ്യുതി ബോർഡിന്റെ മൗലിക വാണിജ്യ പ്രശ്നം. പ്രശ്നത്തിന്റെ നേരിയ ഒരു ഭാഗം മാത്രമാണത്. ഇവയിൽ മുന്നോട്ടുപോക്ക് അടഞ്ഞ അദ്ധ്യായമാണ്.
പലപ്പോഴും പൊതു പ്രവർത്തകർ കെ.എസ്.ഇ.ബിയിലെ യൂണിയൻ പ്രവർത്തകരുടെ ഉപദേശത്തിലാണ് പ്രസ്താവനകളും മറ്റും നടത്തുക. വൈദ്യുതിയിൽ ഇടതും വലതുമില്ല; ഫേസും ന്യൂട്രലുമേയുള്ളൂ. അതായത് ശരി; അല്ലെങ്കിൽ പിശക്. വൈദ്യുതി സാങ്കേതിക വിദ്യയെപ്പറ്റിയും റഗുലേറ്ററി നിയമത്തെപ്പറ്റിയും തീരെ അവഗാഹവുമില്ലാതെ ചിലർ ഏർപ്പെടുന്ന പരസ്യ ചർച്ചകൾ എത്രയോ വികലവും അപൂർണവുമാണ് എന്നു കണ്ടതിനാലാണ് ഈ കുറിപ്പ്.
(സ്ഥിതിവിവര കണക്കുകൾ പരിശോധിച്ച കെ.എസ്.ഇ.ബി മുൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർ സി.പി. ജോർജിന് നന്ദി. കുറിപ്പിലെ അഭിപ്രായങ്ങൾ വ്യക്തിപരം)