
പൊതുമേഖലയിലുള്ള വൈദ്യുതി ബോർഡിന്റെ വാർഷിക താരിഫുകൾ വർദ്ധിപ്പിച്ചാലുടൻ സാമ്പ്രദായിക രീതിയിൽ ചേരിതിരിഞ്ഞുള്ള വിമർശനത്തിന്റെ മർമ്മമായി 2014- 16 കാലത്തെ ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദായത് സൂചിപ്പിക്കപ്പെടാറുണ്ട്. അഞ്ചു രൂപയിൽ താഴെ അന്ന് ലഭ്യമാകുമായിരുന്ന, താപനിലയങ്ങളിൽ നിന്നുള്ള വൈദ്യുതി കരാറുകൾ റദ്ദാക്കിയ ശേഷം ഒമ്പതു രൂപയ്ക്കു മീതെ യൂണിറ്റിന് ചെലവിടേണ്ടി വരുന്ന, ഒരുപക്ഷേ അതേ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി വാങ്ങാൻ നിർബന്ധിതമായെന്നാണ് ചില പൊതു പ്രവർത്തകരും അവർക്ക് വിവരം നൽകുന്ന കെ.എസ്.ഇ.ബി.എല്ലിലെ ചില മുൻ ഉദ്യോഗസ്ഥരും പറയാൻ ശ്രമിക്കുന്നത്. ഇതൊക്കെ കേൾക്കുമ്പോൾ തോന്നുന്നത്, വൈദ്യുതിയിൽ ഇടതും വലതുമില്ല; ഉള്ളത് ഫേസും ന്യൂട്രലും മാത്രമാണ് എന്നാണ്!
ഇതിന്റെ ഉത്തരവാദി പ്രസ്തുത ന്യൂനതകളുള്ള കരാർ അംഗീകരിക്കാനാവില്ലെന്ന് പിന്നീട് സുപ്രീംകോടതി തന്നെ അടിവരയിട്ട നിലപാട് സ്വീകരിച്ച ഞാനാണ് എന്നും ചിലർ പ്രസ്താവിച്ചു കണ്ടു. ഭാഗികമായി അതേ, എന്ന് അഭിമാനപൂർവം പറയാൻ സന്തോഷമുണ്ട്! 2014- ലെ ദീർഘകാല കരാറുകളിലെ 465 മെഗാവാട്ട് കപ്പാസിറ്റിക്കു തുല്യമായ നാല് കരാറുകളും രാജ്യത്തെ വൈദ്യുതി റഗുലേറ്ററി സംവിധാനം അംഗീകരിക്കാൻ കെ.എസ്.ബി അപേക്ഷിച്ചതു മുതൽ പ്രകടമായ ക്രമക്കേടുകൾ കാരണം പലവട്ടം തിരസ്‌കരിച്ചതാണ്. 865 മെഗാവാട്ടിന് രണ്ടു ഘട്ടമായി കെ.എസ്.ഇ.ബി 2014- ൽ വിളിച്ച ടെൻഡർ നടപടി കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ അലേന്ത്യാതലത്തിലെ ബിഡ് ഇവാല്യുവേഷൻ സ്‌കീമും രേഖകളും അടിസ്ഥാനമാക്കിയാണ് വിജ്ഞാപനം ചെയ്തിരുന്നത്.
എന്നാൽ കെ.എസ്.ഇ.ബി ബിഡ് വിളിച്ചതിലും ഓഫറുകൾ താരതമ്യം ചെയ്യുന്നതിലും ആ മാനദണ്ഡത്തിൽ നിന്ന് വളരെ വ്യതിചലിച്ചു. ഈ ടെൻഡറിൽ കടന്നുവന്ന ക്രമക്കേടുകൾ റഗുലേറ്ററി കമ്മിഷൻ അടിവരയിട്ടത് ഇങ്ങനെയാണ്:
1. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും നിശ്ചയിച്ച ടെൻഡർ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച.
2. ഇതിൽത്തന്നെ ഏറ്റവും കുറഞ്ഞ ബിഡ് തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങൾ പാലിക്കുന്നതിലൂടെ വന്ന വീഴ്ചകൾ.
3. ഏറ്റവും കുറഞ്ഞ ബിഡ് കൃത്യമായി മാച്ച് ചെയ്യുന്നതിൽ ഉണ്ടായ വീഴ്ചകൾ.
4. ഉയർന്ന ബിഡിൽ നിന്ന് വാങ്ങേണ്ട വൈദ്യുതിയുടെ അളവിൽ മാറ്റം വരുത്തിയതിലുണ്ടായ വീഴ്ചകൾ.
5. ബിഡ് മാച്ച് ചെയ്യുന്നതിന്റെ ഭാഗമായി ചില കമ്പനികൾക്ക് ഉയർന്ന ഫിക്സഡ് ചാർജ്ജ് അനുവദിച്ചതിലുണ്ടായ വീഴ്ചകൾ.
6. ടെൻഡർ ചെയ്തതിൽ കൂടുതൽ അളവ് വൈദ്യുതി വാങ്ങിയതിൽ ഉണ്ടായ വീഴ്ചകൾ.
ഒരേ മാമ്പഴത്തിന്
രണ്ടു നിരക്കോ?
2016 ഒക്ടോബർ 30-ലെ ഉത്തരവിൽ ഇതെല്ലാം വിശദമായി പ്രതിപാദിച്ചശേഷം, ടി.എം. മനോഹരൻ ഐ.എഫ്.എസ് ചെയർമാനായ കമ്മിഷൻ ദീർഘകാല കരാറുകൾ അന്തിമമായി തള്ളുകയല്ല, ദർഘാസ് മേൽ നടപടികളിലെ വ്യതിയാനങ്ങൾക്ക് കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെയും കേരള സർക്കാരിന്റെയും അനുമതി നേടി കമ്മിഷന്റെ അംഗീകാരത്തിനായി മടങ്ങിവരാനാണ് കെ.എസ്.ഇ.ബിക്ക് ഉത്തരവു നൽകിയത്. വ്യതിയാനങ്ങൾ രൂക്ഷമായതിനാൽ നടപടി ന്യായമായിരുന്നു. സംസ്ഥാനം തന്നെ ആവശ്യപ്പെട്ടിട്ടും കേന്ദ്ര ഊർജ്ജ മന്ത്രാലയം രണ്ടു തവണ ഈ ആവശ്യം നിരാകരിക്കുകയാണുണ്ടായത്. ക്രമം വിട്ട് നൽകിയ ടെൻഡറിൽ ഒരേ സ്‌കീമിൽത്തന്നെ രണ്ടു നിരക്കുകൾ അംഗീകരിച്ച് കരാറിൽ ഏർപ്പട്ടു എന്നതിലേറെ, ഒരേ കമ്പനിയുടെ ഒരേ താപനിലയത്തിലുള്ള, ഒരേ ജനറേറ്ററിൽ നിന്നുള്ള വൈദ്യുതിക്കു തമ്മിൽ വളരെ വ്യത്യാസമുള്ള നിരക്കുകളും നൽകപ്പെട്ടു എന്ന അപാകത അവർ വ്യക്തമായും കണ്ടു എന്നതാണ് കാരണം. ഇത്രയും അപാകതയുള്ള ഒരു ടെൻഡർ നടപടി ഇന്ത്യയിലെവിടെയും മുൻപുണ്ടായിരുന്നില്ല. ഇന്നും ഇതിന് ഉത്തരവാദികൾ ആരെന്ന് നിശ്ചയിച്ചിട്ടുമില്ല!
ഇതിന് ആവശ്യമായ ദീർഘകാല വൈദ്യുതി ഇടനാഴി രണ്ടു ഘട്ടമായി മാത്രമേ ലഭ്യമാവൂ എന്ന കെ.എസ്.ഇ.ബി വാദവും അവയുടെ ലഭ്യത ഉറപ്പാക്കുന്ന നടപടിക്രമങ്ങൾക്കു വിരുദ്ധമാണ്. ഇനി, ഇടനാഴി രണ്ടു ഘട്ടമായേ ലഭ്യമാവുകയുള്ളൂ എങ്കിൽത്തന്നെ ടെൻഡർ 41 ദിവസത്തെ വ്യത്യാസത്തിൽ രണ്ടായി നടത്തേണ്ട കാര്യമില്ല, ഒരേ ടെൻഡറിൽ നിന്നുള്ള വൈദ്യുതിയുടെ ഷെഡ്യൂളിംഗ് രണ്ടു കാലയളവുള്ള ട്രാൻസ്മിഷൻ കരാറുകളാക്കി നിർവഹിച്ചാൽ മതി. ടെൻഡർ രണ്ടാക്കിയപ്പോൾ ഒന്നിനു പകരം, രണ്ട് കുറഞ്ഞ നിരക്കുകൾ എന്നത് ചില കമ്പനികൾക്ക് അനുകൂലമായി. ഒരേ മാവിലെ, ഒരേ ഗുണമുള്ള മാമ്പഴം രണ്ടു നിരക്കിൽ വാങ്ങിയ അവസ്ഥയായി! കെ.എസ്.ഇ.ബി ടെൻഡർ നിബന്ധനകൾ പ്രകാരമുള്ള സമയപരിധി കഴിഞ്ഞശേഷം കരാറുകാർക്ക് സ്ഥിരനിരക്കുകൾ വ്യത്യാസപ്പെടുത്താൻ അവസരം നൽകിയ ശേഷമാണ് അന്തിമ നിരക്ക് ഉറപ്പിച്ചതെന്നും വ്യക്തമായിരുന്നു.
ദുരുപയോഗിക്കാൻ
വയ്യാത്ത വകുപ്പ്
അപ്പോൾ കേന്ദ്രവും കേരളവും ഈ നിമിഷം വരെ സാധൂകരിക്കാത്ത ഈ നിർണായക വ്യതിയാനങ്ങൾ വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പിനനുസരിച്ച് സർക്കാർ നയമായി സ്വീകരിക്കാൻ കമ്മിഷനെ നിർബന്ധിക്കണം എന്നായി കെ.എസ്.ഇ.ബി. 2019 തുടക്കത്തിൽ ഞാൻ ഊർജ്ജ സെക്രട്ടറിയായപ്പോൾ മുതൽ കെ.എസ്.ഇ.ബിയുടെ പല്ലവി ഇതായിരുന്നു. വൈദ്യുതി ആക്ട് അനുസരിച്ച് ജുഡിഷ്യൽ പ്രക്രിയയിലൂടെ കക്ഷികളെയെല്ലാം കേട്ട് സിവിൽ പ്രൊസീഡ്യുർ വഴി കമ്മിഷൻ അംഗീകാരത്തിലൂടെ ഉത്തരവായി നിശ്ചയിച്ച കരാറുകളിലെ നിരക്ക് മാറ്റി നിർണയിക്കാൻ ഒരു കാരണവശാലും 108-ാം വകുപ്പ് ഉപയോഗിക്കാനാവുമായിരുന്നില്ല. മാത്രമല്ല, കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ച ബിഡ്ഡിംഗ് മാനദണ്ഡം ഏകപക്ഷീയമായി മാറ്റി ഒരേ ജനറേറ്ററിലെ വൈദ്യുതിക്ക് രണ്ട് സ്ഥിര നിരക്കിൽ കലാശിച്ച കരാറുകൾ നിയമ പ്രശ്നങ്ങളുണ്ടാക്കുമെന്നും, വലിയ സ്ഥാപിത താത്പര്യങ്ങൾ ഭാവിയിൽ ആരോപിക്കപ്പടാൻ ഇടയുള്ളതാണെന്നും വ്യക്തമായിരുന്നു. എനിക്കു മുമ്പുണ്ടായിരുന്ന ഊർജ്ജ സെക്രട്ടറിമാരും സർക്കാരിന് ഇവയ്ക്ക് നിയമസാധുത നൽകാനാവില്ല എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിക്കണ്ടത്.
ഈ സാഹചര്യത്തിലാണ് 2023 മേയ് 10-ന് വീണ്ടും കേരള ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ നിയമപരമായി ദൗർബല്യമുള്ള കരാറുകൾ റദ്ദുചെയ്യാൻ അന്തിമമായി ഉത്തരവിട്ടത്. ഇതിനെതിരെ വൈദ്യുതി അപ്പലേറ്റ് ട്രിബ്യൂണലിലും തുടർന്ന് സുപ്രീം കോടതിയിലും കെ.എസ്.ഇ.ബിക്ക് പോകാമായിരുന്നു. എന്നാൽ അതിനു മുൻപ് നിർബന്ധമായും വേണ്ട ഒരു നടപടിയാണ് ബിഡ്ഡിംഗിലെ മാനദണ്ഡം ലംഘിച്ച കെ.എസ്.ഇ.ബി നടപടി വിശദമായി പരിശോധിച്ചുള്ള സംസ്ഥാന സർക്കാറിന്റെ സാധൂകരണ ഉത്തരവ്. എന്തുകൊണ്ടെന്ന് അറിയില്ല, കരാറുകൾ കെ.എസ്.ഇ.ബി.എൽ ഉറപ്പിച്ചപ്പോൾ വൈദ്യുതി ബോർഡ് ചെയർമാനും അന്നത്തെ ഊർജ്ജ സെക്രട്ടറിയും പിന്നീട് അല്പകാലം കെ.എസ്.ഇ.ബി ചെയർമാനും ചീഫ് സെക്രട്ടറിയുമൊക്കെയായ വ്യക്തിയും സർക്കാരിൽ സുപ്രധാന സ്ഥാനങ്ങളിൽ 2016- 2021 കാലയളവിൽ തുടർന്നെങ്കിലും വൈദ്യുതി ബോർഡിന്റെ ആ നടപടി ഇന്നുവരെ സാധൂകരിക്കപ്പെട്ടില്ല. മാത്രമല്ല, 2020 അവസാനം, ദീർഘകാല വൈദ്യുതി കരാറുകളിലെ ക്രമക്കേട് പരിശോധിക്കാൻ വിജിലൻസ് ഡയറക്ടർക്ക് സർക്കാർ നിർദ്ദേശവും നൽകി.
(കെ.എസ്.ഇ.ബി മുൻ ചെയർമാനാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)
(തുടരും)