mining

ലോക രാജ്യങ്ങളിലെ ജനങ്ങളുടെ ഏറ്റവും വലിയ ആശങ്കകളില്‍ ഒന്നാണ് ഫോസില്‍ ഇന്ധനങ്ങളെ സംബന്ധിച്ചുള്ളത്. ആവശ്യത്തിന് ഇന്ധനം ലഭിക്കാത്ത സാഹചര്യമുണ്ടാകുമോയെന്നതാണ് അത്. എന്നാല്‍ ഇതിന് പരിഹാരമാണ് ഗവേഷകരുടെ ഏറ്റവും പുതിയ കണ്ടെത്തല്‍. കുറഞ്ഞപക്ഷം അടുത്ത 200 വര്‍ഷത്തേക്ക് അത്തരമൊരു ആശങ്ക വേണ്ട. ലോകത്തിന് ആവശ്യമായ ഇന്ധനം എത്തിക്കാന്‍ ശേഷിയുള്ള 6.2 ട്രില്യണ്‍ ടണ്‍ ഹൈഡ്രജന്‍ ഗ്യാസ് ഭൂമിക്കടിയില്‍ ഉണ്ടെന്നാണ് പുതിയ പഠനം.

സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ ഡിസംബര്‍ 13ന് പ്രസിദ്ധീകരിച്ച 'മോഡല്‍ പ്രൊഡിക്ഷന്‍സ് ഓഫ് ഗ്ലോബര്‍ ജിയോളജിക് ഹൈഡ്രജന്‍ റിസോഴ്സസ്' എന്ന പഠനമാണ് മറഞ്ഞിരിക്കുന്ന മഹാ ഇന്ധനത്തെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്. യുഎസ് ജിയോളജിക്കല്‍ സര്‍വേയിലെ പെട്രോളിയം ജിയോകെമിസ്റ്റായ ജെഫ്രി എല്ലിസാണ് പഠനത്തേക്കുറിച്ചുള്ള പ്രധാന ലേഖകന്‍. എന്നാല്‍ ഈ അമൂല്യ നിധി ഏത് ഭാഗത്താണെന്ന് കൃത്യമായി തിരിച്ചറിയാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു പ്രശ്‌നം.

ഭാവിയില്‍ മൊത്തം ഇന്ധന ഉപഭോഗത്തിന്റെ 30 ശതമാനമെങ്കിലും ഹൈഡ്രജന്‍ ഗ്യാസ് ആയേക്കാമെന്നാണ് പഠനത്തിലെ പ്രധാന നിരീക്ഷണം. 2050 ആകുമ്പോഴേക്കാം ഹൈഡ്രജന്‍ ഗ്യാസ് ഉപഭോഗം ഇപ്പോഴത്തതിനേക്കാള്‍ അഞ്ച് മടങ്ങിലേറെ വര്‍ദ്ധിക്കുമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. ഹൈഡ്രജന്‍ ചെറിയ തന്‍മാത്രാ രൂപത്തിലായതിനാല്‍ ഭൂമിക്കുള്ളില്‍ വലിയ അളവില്‍ ശേഖരിക്കപ്പെടുക പ്രയാസകരമായിരിക്കും എന്ന മുന്‍ നിഗമനങ്ങള്‍ തള്ളിക്കളയുന്നതാണ് പുതിയ പഠനം.