sbi

ന്യൂഡല്‍ഹി: ആയിരക്കണക്കിന് കോടിയുടെ കിട്ടാക്കടം അടുത്തിടെയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എഴുതിത്തള്ളിയത്. അതേ ബാങ്കിലെ ഒരു മാനേജര്‍ പാവപ്പെട്ട ഒരു കര്‍ഷകനെ പറ്റിച്ചതിന്റെ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പല ദിവസങ്ങളിലായി 39,500 രൂപയുടെ നാടന്‍ കോഴിക്കറിയാണ് ബാങ്ക് മാനേജര്‍ ശാപ്പിട്ടത്. ഛത്തീസ്ഗഡിലെ മസ്തൂരിയിലെ ബാങ്ക് മാനേജര്‍ക്കെതിരെയാണ് ആരോപണം. കോഴിക്കറിക്ക് പുറമെ, വായ്പയുടെ 10 ശതമാനം കമ്മീഷനും ഇയാള്‍ ചോദിച്ചുവെന്നും കര്‍ഷകന്‍ ആരോപിക്കുന്നു.

ഛത്തീസ്ഗഡ് സ്വദേശിയായ രൂപ്ചന്ദ് മന്‍ഹര്‍ എന്ന കര്‍ഷകനാണ് ബാങ്ക് മാനേജര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കോഴി വളര്‍ത്തല്‍ ബിസിനസാണ് കര്‍ഷകന്‍ ചെയ്യുന്നത്. ബിസിനസ് വിപുലീകരിക്കാനാണ് കര്‍ഷകന്‍ വായ്പയ്ക്ക് വേണ്ടി ബാങ്കിനെ സമീപിച്ചത്. മസ്തൂരയിലെ ബാങ്ക് ശാഖയില്‍ എത്തി വായ്പയ്ക്കായി അപേക്ഷിക്കാന്‍ ബാങ്ക് മാനേജറെ നേരില്‍ കാണുകയും ചെയ്തു. മൊത്തം വായ്പാ തുകയുടെ പത്ത് ശതമാനം മാനേജര്‍ക്ക് കമ്മീഷനായി നല്‍കുന്നതിന് വേണ്ടി തന്റെ കോഴികളെ വിറ്റാണ് കര്‍ഷകന്‍ പണം കണ്ടെത്തിയത്.

ഇതിന് ശേഷം വായ്പ പാസാക്കാന്‍ എല്ലാ ശനിയാഴ്ചയും കോഴിക്കറി വേണമെന്നും ബാങ്ക് മാനേജര്‍ കര്‍ഷകനോട് പറഞ്ഞു. ഇതനുസരിച്ച് പല തവണയായി 39,500 രൂപ വില വരുന്ന കോഴികളെ കറിവെച്ച് കൊടുക്കുകയും ചെയ്തു. കറി ഉണ്ടാക്കാനായി കോഴിയെ വാങ്ങിയതിന്റെ ബില്ലടക്കം തന്റെ കൈവശമുണ്ടെന്ന് രൂപ്ചന്ദ് മന്‍ഹര്‍ ആരോപിച്ചത്. എന്നാല്‍ അവസാനം മാനേജര്‍ തന്റെ ലോണ്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. പതിയെ ഇയാള്‍ തന്നെ ഒഴിവാക്കിയെന്നും കോഴിക്കറിയുടെ പണം പോലും നല്‍കിയില്ലെന്നുമാണ് കര്‍ഷകന്‍ ആരോപിക്കുന്നത്.

മാനേജര്‍ക്കെതിരെ നടപടി വേണമെന്നാണ് കര്‍ഷകന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് എഡിഎമ്മിന് പരാതിയും നല്‍കിയിട്ടുണ്ട്. തന്റെ ആവശ്യം അംഗീകരിക്കാത്ത പക്ഷം ബാങ്ക് ശാഖയുടെ മുന്നിലെത്തി സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്നാണ് ഇയാള്‍ പറയുന്നത്.