elephant

കോതമംഗലത്ത്: എറണാകുളം കോതമംഗലത്തിന് സമീപം കുട്ടമ്പുഴയില്‍ യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. ക്ണാച്ചേരി സ്വദേശി എല്‍ദോസ് ആണ് മരിച്ചത്. ആനയുടെ ചവിട്ടേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ നിന്നാണ് ലഭിച്ചത്. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ജനവാസ മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഫെന്‍സിങ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.

തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയിലാണ് എല്‍ദോസിനെ ആന ആക്രമിച്ചത്. എല്‍ദോസിന് ഒപ്പമുണ്ടായിരുന്നയാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാളാണ് നാട്ടുകാരെയും വനംവകുപ്പിനെയും എല്‍ദോസിന് അപകടം സംഭവിച്ച വിവരം അറിയിച്ചത്. സംഭവസ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരെയാണ് എല്‍ദോസിന്റെ വീട്. പാതയില്‍ വഴിവിളക്ക് ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത് വേലി സ്ഥാപിക്കണമെന്ന് ഇവിടുത്തുകാര്‍ അധികൃതരോട് കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. എന്നാല്‍ ഇതുവരെ നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. കുട്ടമ്പുഴ പഞ്ചായത്തിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ പ്രദേശത്ത് അറുപതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ജനപ്രതിനിധികളടക്കമുള്ളവര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.