
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യങ്ങളില്‍ ഒന്നാണ് ഒരു യാത്രയ്ക്ക് പുറപ്പെടാന്‍ ആവശ്യമായ ട്രെയിന്‍ ടിക്കറ്റ് കൃത്യമായി കിട്ടുകയെന്നത്. അത്രയ്ക്കുമുണ്ട് ഇന്ത്യന്‍ റെയില്‍വേയെന്ന വലിയ ശൃംഖലയെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണം. പലപ്പോഴും ടിക്കറ്റ് ലഭ്യത കൂടി പരിശോധിച്ച ശേഷമായിരിക്കും യാത്രാ തീയതി പോലും തീരുമാനിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ പെട്ടെന്നുള്ള യാത്രയ്ക്കാണെങ്കില്‍ തത്കാല്‍ ടിക്കറ്റ് ആണ് ശരണം. പക്ഷേ പലപ്പോഴും തത്കാല്‍ ടിക്കറ്റ് കിട്ടണമെങ്കില്‍ മഹാഭാഗ്യം വേണം എന്ന് പറയാറുണ്ട്.
തമാശയ്ക്ക് ഉപയോഗിക്കുന്നതാണ് ഈ ഭാഗ്യശാലിയെന്ന പ്രയോഗമെങ്കിലും യാത്രക്കാരുടെ എണ്ണക്കൂടുതല്‍ പരിഗണിക്കുമ്പോള്‍ ടിക്കറ്റ് കിട്ടുന്നവര്‍ ഭാഗ്യശാലികള്‍ തന്നെയാണ്. തത്കാല്‍ ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയാണ്. ഇതിനായി ഒരു വമ്പന്‍ മാറ്റത്തിന് തന്നെ ഇന്ത്യന്‍ റെയില്‍വേ തയ്യാറെടുക്കുകയാണ്. ടിക്കറ്റ് ബുക്കിംഗിനായി സൂപ്പര്‍ ആപ്പ് ഉടന്‍ പുറത്തിറങ്ങുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെയാണ് അറിയിച്ചത്.
ടിക്കറ്റ് ബുക്കിംഗിന് പുറമേ ട്രെയിനുകള്‍ ട്രാക്ക് ചെയ്യാനും പരാതികള്‍ ഫയല്‍ ചെയ്യാനും റിസര്‍വ് ചെയ്യാത്ത ട്രെയിന്‍ സീറ്റുകള്‍ അറിയാനും ഉപയോക്താക്കളെ സഹായിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനാണ് പുറത്തിറങ്ങുക. ഇന്ത്യന്‍ റെയില്‍വേ ഒരു പാസഞ്ചര്‍ സര്‍വീസ് കേന്ദ്രീകൃത ആപ്പ് വികസിപ്പിക്കുന്നതായി മന്ത്രി അറിയിച്ചു. യാത്രക്കാര്‍ക്ക് റിസര്‍വ് ചെയ്യാതെ ടിക്കറ്റ് എടുക്കാനും പരാതികള്‍ സമര്‍പ്പിക്കാനും ട്രെയിന്‍ ലഭ്യത പരിശോധിക്കാനും ഈ ആപ്പ് ഉപയോഗിക്കാന്‍ കഴിയും.
മറ്റ് ആപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍ സൂപ്പര്‍ ആപ്പിലേക്ക് സംയോജിപ്പിക്കും. പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ എടുക്കുന്നതിനും റിസര്‍വ്ഡ്, അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും തത്സമയം ട്രെയിനുകള്‍ ട്രാക്കുചെയ്യുന്നതിനും പുറമേ, യാത്രക്കാര്‍ക്ക് ഫീഡ്ബാക്ക്, ഭക്ഷണ സേവനങ്ങള്‍ എന്നിവയും ആപ്പ് വഴി ലഭിക്കും. പുതിയ ആപ്ലിക്കേഷന്‍ നിലവില്‍ വന്നാലും ടിക്കറ്റ് ബുക്കിംഗ് പങ്കാളികള്‍ ഐആര്‍സിടിസി തന്നെയാകും.