
ചെസ് ലോക ചാമ്പ്യനായതോടെ 'മില്യൺ ഡോളർ ബേബി' ആയി മാറിയ ഗുകേഷ് നികുതിയിനത്തിൽ അടയ്‌ക്കേണ്ടി വരിക വൻ തുക. ചെസ് ചാമ്പ്യൻഷിപ്പിലെ വിജയത്തിലൂടെ 11.45 കോടി രൂപ സമ്മാനത്തുകയായി ലഭിച്ച ഗുകേഷ് ഇതിൽ നിന്ന് 4.67 കോടിരൂപയോളം നികുതിയായി അടയ്‌ക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
സാക്ഷാൽ എം.എസ് ധോണിക്ക് അടുത്ത ഐ.പി.എൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് നൽകുന്ന തുകയേക്കാൾ കൂടുതൽ രൂപ ഗുകേഷ് നികുതിയായി അടയ്‌ക്കേണ്ടി വരുമെന്ന് സാരം. 4 കോടി രൂപയ്ക്കാണ് ധോണിയെ ചെന്നൈ പുതിയ സീസണിലേക്ക് നിലനിറുത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് 5 വർഷമായത് പരിഗണിച്ച് ധോണിയെ അൺ ക്യാപ്ഡ് പ്ലെയറായാണ് ചെന്നൈ നിലനിറുത്തിയത്.
ഇന്ത്യയിലെ നിയമപ്രകാരം 15 ലക്ഷം രൂപയ്ക്കു മുകളിലുള്ള വരുമാനത്തിന് 30 ശതമാനമാണ് നികുതി നൽകേണ്ടത്. പ്രതിഫലം അഞ്ച് കോടിക്കു മുകളിലാണെങ്കിൽ 37 ശതമാനം വരെ അധിക നികുതിയും 4 ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസും നൽകണം. ഫലത്തിൽ വൻ പ്രതിഫലം ലഭിക്കുമ്പോൾ 42 ശതമാനം നികുതിയായി നൽകണം. ഗുകേഷ് ചാമ്പ്യനായതിൽ അഭിനന്ദിക്കേണ്ടത് ആദായനികുതി വകുപ്പിനെയാണെന്നാണ് ട്രോളുകൾ.
തമിഴ്നാട് സർക്കാർ 5 കോടിരൂപയുടെ കാഷ് അവാർഡും ഗുകേഷിന് പ്രഖ്യാപിച്ചിട്ടുണ്ട്.