
വഴിയോര കച്ചവടക്കാര്‍, ചായക്കടകള്‍, ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ തുടങ്ങി രാജ്യത്തെ ഭൂരിഭാഗം കച്ചവട സ്ഥാപനങ്ങളിലും യുപിഐ പേമെന്റ് ഇന്ന് സര്‍വസാധാരണമായി മാറിക്കഴിഞ്ഞു. ഇത്തരം സൗകര്യങ്ങള്‍ മനുഷ്യന് കാര്യങ്ങള്‍ എളുപ്പത്തിലാക്കാനാണ് സൃഷ്ടിച്ചിരിക്കുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പിന്റെ സംഭവങ്ങള്‍ നിരവധിയാണ്. അത്തരത്തിലൊന്നാണ് ബേക്കറിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം പണം നല്‍കാന്‍ കടയിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത പൊലീസുകാരന്റെ അനുഭവം.
ഏതൊരു പണമിടപാടും ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് നടത്തുന്നതെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്‌കാന്‍ ചെയ്ത് റിസീവറുടെ പേരും വിവരങ്ങളും മൊബൈല്‍ സ്‌ക്രീനില്‍ തെളിയുമ്പോള്‍ അത് നിങ്ങള്‍ പണം അടയ്ക്കാന്‍ ഉദ്ദേശിക്കുന്ന ആളുടെ അക്കൗണ്ട് തന്നെയാണോ എന്ന് ചോദിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രം പണമിടപാട് നടത്തുക.ടെക്സ്റ്റ് മെസേജുകള്‍, ഇമെയിലുകള്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ വഴി അയക്കുന്ന ആവശ്യപ്പെടാത്ത ലിങ്കുകളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്.
ഈ ലിങ്കുകള്‍ ഫിഷിംഗ് സൈറ്റുകളിലേക്ക് നയിച്ചേക്കാം അല്ലെങ്കില്‍ നിങ്ങളുടെ ഫോണില്‍ വൈറസുകളെ ഇന്‍സ്റ്റാള്‍ ചെയ്യാം. ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി എപ്പോഴും ഔദ്യോഗികവും പരിശോധിച്ചുറപ്പിച്ചതുമായ ആപ്പുകള്‍ ഉപയോഗിക്കുക. അതോടൊപ്പം തന്നെ കടകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡുകള്‍ മാറ്റിയ ശേഷം സ്വന്തം ബാങ്ക് അക്കൗണ്ടിന്റെ ക്യൂ ആര്‍ കോഡുകള്‍ സ്ഥാപിക്കുന്ന സംഘങ്ങളും സജീവമാണ്.
പൂനെയില്‍ പൊലീസുകാരന് സംഭവിച്ചത്: പൂനെ നഗരത്തിലെ സസ്വാദിലെ ഒരു ബേക്കറിയില്‍ നിന്ന് പലഹാരങ്ങള്‍ വാങ്ങിയ ശേഷം ഇതിന്റെ പണം നല്‍കാനായി ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയായിരുന്നു ഉദ്യോഗസ്ഥന്‍. ഇതിന് പിന്നാലെ ഫോണില്‍ ലഭിച്ച സന്ദേശം 18755 രൂപ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റായിരിക്കുന്നുവെന്നാണ്. തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 12,250 രൂപ ശമ്പള അക്കൗണ്ടില്‍ നിന്നും നഷ്ടമായിരിക്കുന്നു. സ്വര്‍ണപ്പണയ അക്കൗണ്ടില്‍ നിന്ന് 1.90 ലക്ഷത്തിന്റെ ഇടപാട് നടത്താനുള്ള ഒടിപി കൂടി എത്തിയതോടെ പൊലീസുകാരന് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് മനസ്സിലായി.
കൂടാതെ, തട്ടിപ്പുകാര്‍ ഇയാളുടെ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ഉപയോഗിച്ച് 14,000 രൂപയുടെ രണ്ട് ഇടപാടുകള്‍ നടത്താന്‍ ശ്രമിച്ചു. ഭാഗ്യവശാല്‍, തന്റെ ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാര്‍ഡും മരവിപ്പിച്ചിരുന്നതിനാല്‍ കൂടുതല്‍ പണം നഷ്ടമായില്ല. അന്വേഷണം പുരോഗമിക്കുകയാണ്, APK ഫയല്‍ വഴി കോണ്‍സ്റ്റബിളിന്റെ മൊബൈല്‍ ഫോണിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും തട്ടിപ്പുകാര്‍ പ്രവേശനം നേടിയതിനാലാണ് പണം നഷ്ടമായതെന്നുമാണ് പ്രാഥമിക കണ്ടെത്തല്‍.