
അധികാരത്തിൽ കടിച്ചുതൂങ്ങാനാകില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. സിറിയ, സുഡാൻ, ദക്ഷിണ കൊറിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ അടുത്തിടെയുണ്ടായത് അത്തരത്തിലുള്ള വീഴ്ചയാണ്. ജനഹിതം എതിരായാൽ ഏത് ശക്തരും ദുർബലരാകുമെന്നതിന്റെ തെളിവ്.
2010-11ലാണ് അറബ് നാട്ടിൽ ടുണീഷ്യൻ പ്രക്ഷോഭം അഥവാ മുല്ലപ്പൂ വിപ്ലവം പടർന്നത്. തൊഴിലില്ലായ്മ, അഴിമതി, ദാരിദ്ര്യം എന്നിവയിൽ സഹികെട്ട ജനം തെരുവിലിറങ്ങുകയായിരുന്നു.
പ്രതിഷേധിച്ച നൂറു കണക്കിന് പേർക്ക് ജീവൻ നഷ്ടമായി. 23 വർഷം അധികാരം കൈയ്യാളിയ ടുണീഷ്യൻ പ്രസിഡന്റ് സൈൻ അൽ അബിദീൻ ബെൻ അലി പലായനം ചെയ്തു. 60 ദിവസത്തിനുള്ളിൽ രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സ്വേച്ഛാധിപത്യത്തിൽ നിന്ന് ഭരണഘടനയുള്ള ജനാധിപത്യ രാജ്യമായി ടുണീഷ്യ മാറി. മുല്ലപ്പൂ ടുണീഷ്യയുടെ ദേശീയ പുഷ്പമാണ്. എന്നാൽ ടുണീഷ്യൻ ജനതയ്ക്ക് ജനാധിപത്യത്തിന്റ മണം പരത്തിയ പ്രക്ഷോഭത്തിന്റെ ഓർമ്മ കൂടിയാണ് മുല്ലപ്പൂ.
പത്ത് വർഷങ്ങൾക്കിപ്പുറം സിറിയയിലും മുല്ലപ്പൂ വിപ്ലവം ആവർത്തിച്ചു. 54 വർഷത്തെ കുടുംബ വാഴ്ചയുടെ അടിവേരാണ് വിമത സഖ്യം പിഴുതത്. പ്രസിഡന്റ് ബാഷർ അൽ അസദ് റഷ്യയിലേക്ക് പലായനം ചെയ്തപ്പോൾ ജനം തെരുവിലിറങ്ങി ആഹ്ലാദിച്ചു. വടക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ഭരണകൂടമെന്ന് അവകാശപ്പെടുന്ന സൈന്യവും അർദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള സംഘർഷം രൂക്ഷമായതും ഇതിനോട് ചേർത്തുവായിക്കാം. 2021ൽ സർക്കാർ പിരിച്ചുവിട്ടാണ് സൈന്യം അധികാരം പിടിച്ചത്. മാനഭംഗം, കൊള്ള, കുടിയൊഴിപ്പിക്കൽ, പട്ടിണി തുടങ്ങിയവയിൽ പൊറുതിമുട്ടിയ ജനവും പ്രതിഷേധത്തിലാണ്.
പട്ടാള നിയമം കൊണ്ടുവന്നതേ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിന് ഓർമ്മയുള്ളു. എന്നാൽ അധികാര ഹുങ്ക് കാണിച്ചാൽ പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കാനുള്ള ശക്തി തങ്ങൾക്കുണ്ടെന്ന് ജനം ബോദ്ധ്യപ്പെടുത്തി. ഭരണകക്ഷി അംഗങ്ങളുൾപ്പെടെ പാർലമെന്റിലെ ഭൂരിഭാഗവും വോട്ട് ചെയ്ത് പ്രസിഡന്റിനെ ഇംപീച്ച് ചെയ്തു. പ്രതിപക്ഷം ഉത്തരകൊറിയയോട് ആഭിമുഖ്യം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് ഒരർദ്ധരാത്രി യൂൻ പട്ടാള നിയമം ഏർപ്പെടുത്തിയത്. പ്രതിഷേധം അലയടിച്ചതോടെ നിൽക്കക്കള്ളിയില്ലാതെ ആറ് മണിക്കൂറിനുള്ളിൽ നിയമം റദ്ദാക്കി. ബംഗ്ലാദേശും ഒരു ഓർമ്മപ്പെടുത്തലാണ്. സംവരണ വിഷയത്തിൽ വിദ്യാർത്ഥികളാരംഭിച്ച സമരമാണ് ഷെയ്ഖ് ഹസീനയുടെ പ്രധാനമന്ത്രി കസേര തെറിപ്പിച്ചത്.
 സിറിയ പേടിക്കേണ്ട അൽ ക്വഇദ
ഭീകരസംഘടനയായ അൽ ക്വഇദയുമായി ബന്ധമുണ്ടായിരുന്ന ഹയാത്ത് തഹ്രീക് അൽ ഷാം സിറിയയിൽ അധികാരത്തിലേറുമോ എന്നാണ് ഇനി അറിയേണ്ടച്. വിമത ഗ്രൂപ്പുകൾ പിന്താങ്ങുന്നുണ്ടെങ്കിലും അധികാരമെന്ന കടമ്പയിൽ പോരുണ്ടായേക്കാം. സൈനിക കേന്ദ്രങ്ങൾക്ക് നേരെ യു.എസും ഇസ്രയേലും ആക്രമണം നടത്തുകയും അടുത്ത ലക്ഷ്യം ഇറാനാണെന്ന് വിമത നേതാവ് അൽ ഗൊലാനി പ്രഖ്യാപിക്കുകയും ചെയ്തതോടെ സിറിയയിലെ മാറിവരുന്ന രാഷ്ട്രീയ സാഹചര്യം കണ്ടറിയണം. ബംഗ്ലാദേശിൽ നോബൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിൽ മൗനത്തിലാണ്. ഇതും മറ്റൊരു പ്രതിസന്ധിയാകുമെന്നുറപ്പ്.