child

മൈസൂരു: കുഞ്ഞിന് പേരിടുന്നതിനെച്ചൊല്ലിയുള്ള തർക്കം കോടതിയിലെത്തി. ഒടുവിൽ കോടതി മറ്റൊരു പേരിട്ടതോടെ വിവാഹമോചനത്തിന്റെ വക്കോളമെത്തിയ ദമ്പതികൾ ഒന്നിച്ചു. ഇതോടെ മൂന്ന് വർഷത്തെ നിയമപോരാട്ടവും അവസാനിച്ചു.

മൈസൂരുവിലെ ഹുൻസൂരിലാണ് സംഭവം. 2021ലാണ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. യുവതി 'ആദി' എന്നായിരുന്നു കുട്ടിയെ വിളിച്ചിരുന്നത്. ഈ പേര് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരുന്നില്ല. എന്നാൽ ഭർത്താവിന് 'ഷാനി' എന്ന് വിളിക്കാനായിരുന്നു ഇഷ്ടം.

തനിക്ക് ഇഷ്ടപ്പെട്ട പേര് കുഞ്ഞിന് നൽകാൻ ഭാര്യ സമ്മതിക്കാത്തതിൽ യുവാവിന് ദേഷ്യമുണ്ടായിരുന്നു. യുവതി ഗർഭിണിയായ ശേഷം ഇയാൾ അകന്നുകഴിയുകയാണ്. പ്രസവിച്ചശേഷവും ഇയാൾ ഭാര്യയെ കാണാൻ തയ്യാറായില്ല.


തുടർന്ന് തനിക്കും കുഞ്ഞിനും ജീവനാംശം ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു. രണ്ട് വർഷത്തോളം നിയമപോരാട്ടം തുടർന്നു. ഒടുവിൽ കോടതി തന്നെ ഒരു പേര് നിർദേശിച്ചു. 'ആര്യവർധന' എന്ന പേരായിരുന്നു കോടതി നിർദേശിച്ചത്. ഇരുകൂട്ടർക്കും ആ പേര് സ്വീകാര്യമായിരുന്നു. ഇതോടെയാണ് വീണ്ടും ഒരുമിക്കാൻ തീരുമാനിച്ചത്. നാല് ജഡ്ജിമാരുടെയും മറ്റ് ജുഡീഷ്യൽ ഓഫീസർമാരുടെയും സാന്നിദ്ധ്യത്തിൽ ദമ്പതികൾ പരസ്പരം മാലയിട്ടു.

ഹുൻസൂരിലെ എട്ടാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ ജഡ്ജിമാരും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറും അഭിഭാഷകരും ചേർന്ന് മൂന്ന് വയസുള്ള കുട്ടിയ്‌ക്ക് 'ആര്യവർധന' എന്ന പേര് നൽകുകയും ചെയ്‌തു.